നടനപൗരുഷത്തിന്റെ ജന്മശതാബ്ദി മറന്നു...പ്രായശ്ചിത്തവുമായി ജന്മനാട്


പി.അഭിലാഷ്

ചെമ്പൻകുഞ്ഞിനെയും കുഞ്ഞേനാച്ചനെയും കുഞ്ഞാലിമരയ്ക്കാരെയുമെല്ലാം വെള്ളിത്തിരയിൽ അനശ്വരമാക്കിയ അതുല്യപ്രതിഭയുടെ ജന്മശതാബ്ദി മലയാളം മറന്നു.

നിർമാണം പൂർത്തിയാകുന്ന കൊട്ടാരക്കര ശ്രീധരൻ നായരുടെ പ്രതിമ കാണാനെത്തിയ മകൾ ബീനാ കൃഷ്ണകുമാർ | ഫോട്ടോ: മാതൃഭൂമി ഇ പേപ്പർ

‘കൊട്ടാരക്കര’ എന്ന ദേശനാമത്തെ സ്വന്തം പേരാക്കിമാറ്റിയ കൊട്ടാരക്കര ശ്രീധരൻ നായരുടെ നൂറാംപിറന്നാളായിരുന്നു കഴിഞ്ഞ സെപ്റ്റംബർ 11. ചെമ്പൻകുഞ്ഞിനെയും കുഞ്ഞേനാച്ചനെയും കുഞ്ഞാലിമരയ്ക്കാരെയുമെല്ലാം വെള്ളിത്തിരയിൽ അനശ്വരമാക്കിയ അതുല്യപ്രതിഭയുടെ ജന്മശതാബ്ദി മലയാളം മറന്നു.

കൊട്ടാരക്കര റെയിൽവേ സ്റ്റേഷനു സമീപം കൊരട്ടിയോട് വീട്ടിൽ നാരായണപിള്ളയുടെയും ഉമ്മിണിയമ്മയുടെയും മകനായി 1922 കന്നി മാസത്തിലെ ഭരണിനാളിൽ പിറന്ന ശ്രീധരൻ നായർ പത്താമത്തെ വയസ്സിൽ നാടകത്തിൽ അഭിനയിച്ചായിരുന്നു തുടക്കം. മുൻഷി പരമുപിള്ളയുടെ 'പ്രസന്ന' നാടകം വഴിത്തിരിവായി. കലാമന്ദിർ എന്ന പേരിൽ സ്വന്തമായി നാടകസംഘം ഉണ്ടാക്കി. 1950-ൽ ‘പ്രസന്ന’ സിനിമയാക്കിയപ്പോൾ അരങ്ങിലെ നടൻതന്നെ അഭ്രപാളിയിലുമെത്തി. പിന്നെയൊരു പടയോട്ടമായിരുന്നു. പഴശ്ശിരാജ, കുഞ്ഞാലിമരയ്ക്കാർ, വേലുത്തമ്പിദളവ തുടങ്ങി ശ്രീധരൻ നായരുടെ പൗരുഷത്തിന്റെ കെട്ടിയാടലുകൾ മലയാള സിനിമയിൽ നിറഞ്ഞുനിന്നു.പുത്തൻ തലമുറയിൽ മൈ ഡിയർ കുട്ടിച്ചാത്തനിലെ മന്ത്രവാദിയുമായി. 1986-ൽ പുറത്തിറങ്ങിയ മിഴിനീർപ്പൂവുകൾ ആണ് അവസാനചിത്രം. 1969-ൽ കൂട്ടുകുടുംബം എന്ന സിനിമയിലൂടെ മികച്ച രണ്ടാമത്തെ നടനുള്ള കേരളസർക്കാർ പുരസ്കാരവും 1970-ൽ അരനാഴികനേരത്തിലെ അഭിനയത്തിന്‌ മികച്ച നടനുള്ള സംസ്ഥാനസർക്കാർ പുരസ്കാരവും ലഭിച്ചു. 1986 ഒക്ടോബർ 19-നായിരുന്നു അന്ത്യം. അഭിനയം ശ്രീധരൻ നായർക്ക് തൊഴിലായിരുന്നില്ല, ജീവിതമായിരുന്നു. ചിത്രീകരണം കഴിഞ്ഞാലും വിട്ടുപിരിയാത്തവിധം കഥാപാത്രങ്ങൾ ശ്രീധരൻ നായരിൽ കുടിയേറിയിരുന്നു. യാചകനായി അഭിനയിച്ച അതേ വേഷത്തിൽ ചിത്രീകരണസ്ഥലത്തുനിന്ന്‌ വീട്ടിലെത്തിയതും കുടുംബാംഗങ്ങൾ തിരിച്ചറിയാതെപോയതുംപോലെ രസകരമായ മുഹൂർത്തങ്ങൾ നിരവധി.

പ്രേംനസീറും സത്യനും അടൂർ ഭാസിയുമെല്ലാം കൊട്ടാരക്കര റെയിൽവേ സ്റ്റേഷനോരത്തെ ശ്രീധരൻ നായരുടെ വീട്ടിൽ കുടുംബാംഗങ്ങളെപ്പോലെ വന്നുപോയിരുന്നു. ഭാര്യ വിജയലക്ഷ്മിയമ്മ 2021 ജനുവരിയിലാണ് മരിച്ചത്. എല്ലാ വർഷവും ഒക്ടോബർ 19-ന് അനുസ്മരണദിനത്തിൽ അധികാരികളുടെ പ്രഖ്യാപനമുണ്ടാകും, ജന്മനാട്ടിൽ ശ്രീധരൻ നായർക്ക് ഉചിതമായ സ്മാരകമുണ്ടാകുമെന്ന്. ചലച്ചിത്ര പഠന ഗവേഷണ കേന്ദ്രവും തിയേറ്ററും സാംസ്കാരിക സമുച്ചയവുമെല്ലാം ജലരേഖയായ പ്രഖ്യാപനങ്ങളിൽ ചിലതുമാത്രം. മക്കൾ സായികുമാറും ശോഭാ മോഹനും ഷൈലജയും ചെറുമക്കളായ വിനു മോഹനും അനു മോഹനും ശ്രീധരൻ നായരുടെ പിന്തുടർച്ചക്കാരായി മലയാള സിനിമാലോകത്തുണ്ടെങ്കിലും ഒരു കാലഘട്ടത്തിന്റെ അഭിനയപുരുഷനോട് കാട്ടേണ്ടുന്ന നീതി സിനിമാലോകവും ശ്രീധരൻ നായരോടു കാട്ടിയിട്ടില്ല.

ജന്മശതാബ്ദി വർഷത്തിലും ശ്രീധരൻ നായരുടെ ഓർമയ്ക്കുവേണ്ടി എന്നു പറയാൻ ലൈബ്രറി കൗൺസിലിന്റെ കെട്ടിടത്തിൽ എഴുതിയ പേരല്ലാതെ ഒന്നും കൊട്ടാരക്കരയിലില്ല. നഗരസഭാ അധ്യക്ഷൻ എ.ഷാജു മുൻകൈയെടുത്ത് നഗരസഭാ ബജറ്റിൽ ഉൾപ്പെടുത്തി ശ്രീധരൻ നായരുടെ അർധകായ പ്രതിമ നിർമിക്കുന്നുണ്ട്. ജന്മശതാബ്ദി കണക്കാക്കിയല്ല നിർമിച്ചതെങ്കിലും അവിചാരിതമായി പ്രതിമയുടെ പൂർത്തീകരണം ശതാബ്ദിവർഷത്തിൽത്തന്നെ എത്തി.

ശില്പി ബിജു ചക്കുവരയ്ക്കലാണ്. പോലീസ് സ്റ്റേഷനു മുന്നിൽ മൂന്നുവിളക്കിനുസമീപം പ്രതിമ സ്ഥാപിക്കും. കൊട്ടാരക്കര ശ്രീധരൻ നായർക്കായി നാടിന്റെ ആദ്യ സ്മാരകമാകുമത്.

Content Highlights: kottarakkara sreedharan nair's 100th birthday, kottarakkara sreedharan nair movies


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented