കോഴിക്കോട്: താരക ക്രിയേറ്റീവ് ഗ്രൂപ്പിന്റെ ബാനറില്‍ ഡോ. എസ്.കെ. സുരേഷ് കുമാര്‍ സംവിധാനം ചെയ്ത കൂട് (The Cage) ഹ്രസ്വചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സംവിധായകന്‍ ജി. പ്രജേഷ് സെന്‍ ഫേസ് ബുക് പേജില്‍ പ്രകാശനം ചെയ്തു.

ഒരു കുട്ടിയും പക്ഷിക്കുഞ്ഞും തമ്മിലെ സ്‌നേഹത്തിന്റെ കഥ പറയുന്ന ഹ്രസ്വചിത്രമാണ് കൂട്. നാലര മിനുട്ടു മാത്രമുള്ള സിനിമയുടെ കൂടുതല്‍ ഭാഗവും യഥാര്‍ഥ സംഭവങ്ങള്‍ തന്നെയാണ് എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. കോഴിക്കോട് സില്‍വര്‍ ഹില്‍സ് പബ്ലിക് സ്‌കൂളിലെ യു.കെ.ജി വിദ്യാര്‍ഥി വൈഭവ് ആണ് ചിത്രത്തിലെ നായകന്‍. ഒരു ബുള്‍ബുള്‍ പക്ഷിക്കുഞ്ഞും അതിന്റെ മാതാപിതാക്കളുമാണ് അതിനു പുറമെ ചിത്രത്തിലുള്ളത്. അമ്മയുടെയും ടീച്ചറുടെയും ശബ്ദ സാന്നിധ്യവുമുണ്ട്.

യഥാര്‍ഥ സംഭവങ്ങളും ദൃശ്യങ്ങളും കോര്‍ത്തിണക്കി തയാറാക്കിയ ലഘുചിത്രത്തിന് തിരക്കഥയും സംഭാഷണവും തയാറാക്കിയത്
അസോസിയറ്റ് ഡയറക്ടര്‍ കൂടിയായ എം. കുഞ്ഞാപ്പയാണ്. പ്രമോദ് ബാബുവാണ് ഛായാഗ്രഹണം. എഡിറ്റിംഗ്: രാഗേഷ് റാം, പശ്ചാത്തല സംഗീതം: സായി ബാലന്‍, സൗണ്ട് ഡിസൈന്‍: സലില്‍ ബാലന്‍, ടൈറ്റില്‍സ് & പബ്ലിസിറ്റി ഡിസൈന്‍: എം. കുഞ്ഞാപ്പ.

ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം ജനുവരി 15ന് വൈകീട്ട് 7 മണിക്ക് കോഴിക്കോട് നടക്കും. മജീഷ്യന്‍ ഗോപിനാഥ് മുതുകാട് പ്രദര്‍ശനോദ്ഘാടനം നിര്‍വഹിക്കും. പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ജി. പ്രജേഷ് സെന്‍, ചലച്ചിത്ര സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ലെബിസന്‍ ഗോപി, യുറീക്ക മുന്‍ എഡിറ്റര്‍ ഷിനോജ്രാജ് തുടങ്ങിയവര്‍ അതിഥികളാണ്.

Content Highlights: Koodu Short Film, SK suresh Kumar, Prajesh sen