ഏതൊരു ത്രില്ലർ സിനിമയെ വെല്ലുന്ന സംഭവങ്ങളാണ് കോഴിക്കോട് കൂടത്തായിയില്‍ അരങ്ങേറിയത്. ആറുപേര്‍ സയനൈഡ് അകത്തു ചെന്നു മരിച്ച സംഭവത്തിലെ പ്രതി ജോളി ഇന്നും ഒരു പ്രഹേളികയാണ്. കേരളത്തെ ഞെട്ടിച്ച ഈ സംഭവത്തിലെ ചുരുള്‍ മുഴുവന്‍ അഴിച്ചെടുത്തിട്ടില്ലെങ്കിലും അതിന് മുന്‍പ് തന്നെ ഈ സംഭവങ്ങള്‍ വെള്ളത്തിരയിലെത്തുകയാണ്.
രണ്ട് ചിത്രങ്ങളാണ് ഈ ഇതിവൃത്തത്തില്‍ ഒരുങ്ങുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലായിരിക്കും നായകന് എന്നാണ് ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. അന്വേഷണോദ്യോഗസ്ഥന്റെ വേഷത്തിലാവും ലാല്‍ എത്തുക.
ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ത്രില്ലര്‍ ചിത്രത്തില്‍ അഭിനയിക്കാനുള്ള ഒരുക്കത്തിലായിരുന്നു മോഹന്‍ലാല്‍. എന്നാല്‍, അതിനുശേഷമാണ് കൂടത്തായി സംഭവം വെളിച്ചത്തുവന്നത്. ഇതോടെ ഈ സംഭവങ്ങളുടെ ചുവടുപിടിച്ച് പുതിയ കഥ ഒരുക്കുകയായിരുന്നു അണിയറ പ്രവര്‍ത്തകര്‍ എന്നാണ് അറിയുന്നത്. ചിത്രം ജീത്തു തന്നെയാണോ സംവിധാനം ചെയ്യുന്നതെന്നോ മറ്റ് അണിയറ പ്രവര്‍ത്തകരുടെ വിവരങ്ങളോ ഇതുവരെ ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല.
അതേസമയം കൂടത്തായ്, കൊലപാതകങ്ങളുടെ ഒന്നര പതിറ്റാണ്ട് എന്ന പേരില്‍ റോണക്സ് ഫിലിപ്പ് ഒരു ചിത്രം പ്രഖ്യാപിച്ചിട്ടുണ്ട്. ഡിനി സാനിയല്‍ ഡോളി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ പോസ്റ്ററും പുറത്തുവിട്ടിരുന്നു. അലക്സ് ജേക്കബാണ് ചിത്രം നിര്‍മിക്കുന്നത്. വിജീഷ് തുണ്ടത്തിലാണ് കഥ.
Content Highlights: Koodathayi Murder Case Movie Mohanlal Dini Daniel Jeethu Joseph Jolly