ബോളിവുഡ് താരദമ്പതികളായ കൊങ്കണ സെൻ സർമയും രൺവീർ ഷൂരിയും ഔദ്യോഗികമായി വേർപിരിഞ്ഞു. ഇരുവരും കഴിഞ്ഞ അഞ്ച് വർഷമായി വേർപിരിഞ്ഞ് ജീവിക്കുകയായിരുന്നു. എട്ട് വയസുകാരൻ മകൻ ഹാറൂണിന്റെ സംരക്ഷണത്തിൽ രണ്ട് പേർക്കും തുല്യ അവകാശമാണ് കോടതി നൽകിയത്.
2010 ലാണ് കൊങ്കണയും രൺവീറും വിവാഹിതരാവുന്നത്. 2011 ലാണ് മകൻ ഹാരൂൺ ജനിക്കുന്നത്. 2015 ൽ അകന്ന് ജീവിക്കാൻ തുടങ്ങിയ ഇരുവരും ഈ വർഷം ഫെബ്രുവരിയിലാണ് വിവാഹമോചനത്തിന് അപേക്ഷിക്കുന്നത്.
ഏറെ കാലത്തിന് ശേഷം തങ്ങൾ കണ്ട തീർത്തും സമാധാനപരമായ വിവാഹമോചന കേസാണിതെന്നും രണ്ട് പേർക്കുമിടയിൽ ശത്രുതയുണ്ടായിരുന്നില്ലെന്നും താരങ്ങളോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നു.
2015 ൽ തന്നെ തങ്ങൾ വേർപിരിഞ്ഞ കാര്യം കൊങ്കണ വ്യക്തമാക്കിയിരുന്നു. രൺവീറും ഞാനും വേർപിരിയാൻ തീരുമാനിച്ചു. പക്ഷേ നല്ല സുഹൃത്തുക്കളായിരിക്കാനും മകന്റെ സംരക്ഷണം ഒരുപോലെ നോക്കാനുമാണ് ഞങ്ങളുടെ തീരുമാനം. എല്ലാവരുടെയും പിന്തുണയ്ക്ക് നന്ദി എന്നാണ് കൊങ്കണ അന്ന് ആരാധകരോട് വ്യക്തമാക്കിയത്.
ട്രാഫിക് സിഗ്നൽ, മിക്സഡ് ഡബിൾസ്, ആജാ നച്ച്ലേ എന്നീ ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ഈ സൗഹൃദമാണ് പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തിയത്.
Content Highlights :Konkona Sensharma and Ranvir Shorey officially divorced