ലോക് ഡൗണിനിടയിലും ബ്രിട്ടനിലെ ആരോഗ്യ പ്രവർത്തകരുടെ ഹ്രസ്വ ചിത്രം 'കൊമ്പൻ വൈറസ്' എത്തുന്നു. വൈറസുകളിലെ കൊമ്പൻ ആയ കൊറോണ വൈറസിന്റെ ദുരന്ത മുഖങ്ങളെ വരച്ചു കാട്ടുന്ന, കൊറോണയുടെ പശ്ചാത്തലത്തിൽ കഥപറയുന്ന ഹ്രസ്വ ചിത്രം 'കൊമ്പൻ വൈറസി'ന്റെ ചിത്രീകരണം യു.കെയിലും കേരളത്തിലുമായി പൂർത്തിയായി.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ലോക്ഡൌൺ കാലഘട്ടമായിട്ടു കൂടി പ്രതിസന്ധികളെയൊക്കെ അതിജീവിച്ചു കൊണ്ടാണ് ചിത്രം പൂർത്തീകരിച്ചത്. ബി ക്രിയേറ്റിവിന്റെ ബാനറിൽ കനേഷ്യസ് അത്തിപ്പൊഴിയിൽ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ക്യാമറയും എഡിറ്റിങ്ങും നിർവ്വഹിക്കുന്നത് വിനീത് പണിക്കർ ആണ്. ഷൈനു മാത്യൂസ് ചാമക്കാല നിർമ്മിക്കുന്ന ചിത്രത്തിൽ പ്രമുഖ ചലച്ചിത്ര നടൻ മഹേഷ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൂടാതെ കനേഷ്യസ് അത്തിപ്പൊഴിയിൽ, ഡോക്ടർ ഷൈനി സാനു, സീമാ സൈമൺ,മേരി ബ്ലസ്സൺ കോലഞ്ചേരി, സാജൻ മാടമന, ജിജു ഫിലിപ്പ് സൈമൺ, ഒപ്പം ജിയാ സാറാ സൈമൺ, ആൻഡ്രിയ സാജൻ എന്നീ ബാലതാരങ്ങളും ചിത്രത്തിൽ അണിചേരുന്നു. സംഗീതം ബിനോയ് ചാക്കോ.
കോവിഡിന് മുൻപ് വിദേശ രാജ്യങ്ങളിൽ മക്കളെ സന്ദർശിക്കാൻ എത്തി അവിടെ പെട്ടു പോയ മാതാപിതാക്കളുടെ കയ്പ്പേറിയ അനുഭവങ്ങളും, കൊറോണ പ്രവാസികൾക്കിടയിൽ വരുത്തിയ ദുരന്തങ്ങളും ഒക്കെയാണ് കൊമ്പൻ വൈറസ്സ് കൈകാര്യം ചെയുന്ന പ്രമേയം.
സംവിധായകനും നിർമ്മാതാവും കൂടാതെ യു.കെയിൽ നിന്നും അഭിനയിച്ചിരിക്കുന്നവരൊക്കെ യു.കെയിലെ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവർ ആണെന്ന പ്രത്യേകതയും ഈ കൊച്ചു സിനിമ അവകാശപ്പെടുന്നു. പുതു വർഷത്തിൽ ചിത്രം പ്രേക്ഷകരിലേക്ക് എത്തും.
Content Highlights: Komban Virus Short film From Britain