നിമയാര്‍ന്ന സുന്ദര ഗ്രാമീണതയില്‍ നിഷ്‌കളങ്കരായ കുട്ടികളുടെ സ്‌കൂള്‍ജീവിതപശ്ചാത്തലത്തില്‍ അവരുടെ മനസ്സും അവരുടെതായ ജീവിതവും ദൃശ്യവത്കരിക്കുന്ന ചിത്രമാണ് 'കോലുമിട്ടായി'.

നവാഗതനായ അരുണ്‍ വിശ്വം സംവിധാനം ചെയ്യുന്ന 'കോലുമിട്ടായി' എന്ന ചിത്രത്തില്‍ ദേശീയ അവാര്‍ഡ് ജേതാവായ മാസ്റ്റര്‍ ഗൗരവ് മേനോന്‍, അമര്‍ അക്ബര്‍ അന്തോണി ഫെയിം ബേബി മീനാക്ഷി, പുതുമുഖം നൈഫ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സൈജു കുറുപ്പ്, ഡോക്ടര്‍ റോണി, ദിനേശ് പ്രഭാകര്‍, കലാഭവന്‍ പ്രജോദ്, അമിത് ചക്കാലയ്ക്കല്‍, ബിനീഷ് ബാസ്റ്റിന്‍, സോഹന്‍ സിനുലാല്‍, ഗോകുലന്‍, ആകാശ് സന്തോഷ്, ഷറീജ്, ഷിബു മരട്, അഞ്ജലി നായര്‍, ദേവി അജിത്, കൃഷ്ണപ്രഭ തുടങ്ങിയവരാണ് പ്രമുഖ താരങ്ങള്‍.

ഉണ്ണികൃഷ്ണന്‍ ആറാംക്ലാസില്‍ പഠിക്കുന്ന കുട്ടിയാണ്. മൂന്നുകൂട്ടുകാരുണ്ട്. ലാലു, വര്‍ക്കി, അബു. ഈ നാല്‍വര്‍സംഘം സ്‌കൂളില്‍ കാണിക്കാത്ത കുസൃതികളില്ല എങ്കിലും നേതാവ് ഉണ്ണികൃഷ്ണന്‍ തന്നെയാണ്. ഒരു സൈക്കിള്‍ സ്വന്തമാക്കാന്‍ പലവഴികളും തേടിയെങ്കിലും ഉണ്ണികൃഷ്ണന് ഭാഗ്യം ലഭിച്ചില്ല. അതിനുള്ള പിടിവാശി ശ്രമങ്ങള്‍ ഇപ്പോഴും നടത്തുന്നു. 

ഇതിനിടയിലാണ് ഒരു പെയിന്റിങ് മത്സരം സ്‌കൂളിലെത്തിയത്. പെയിന്റിങ്ങിനെക്കുറിച്ച് ഒന്നുമറിയില്ലെങ്കിലും ഉണ്ണികൃഷ്ണന്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ തീരുമാനിക്കുന്നു. അതിനായി തന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയായ റിയയുടെ സഹായം ആവശ്യപ്പെടുന്നു. പക്ഷേ, കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല. എന്നുമാത്രമല്ല പ്രശ്‌നങ്ങള്‍ കൂടുതല്‍ ഉണ്ടാവുകയാണ് ചെയ്തത്. തുടര്‍ന്ന് ഉണ്ണികൃഷ്ണന്റെ ജീവിതത്തിലും സ്‌കൂളിലും മറ്റും ഉണ്ടാകുന്ന രസകരങ്ങളായ മുഹൂര്‍ത്തങ്ങളാണ് കോലുമിട്ടായിലുള്ളത്.

എണ്‍പതുകളുടെ കാലഘട്ടത്തിലെ കുട്ടികളുടെ സ്‌കൂള്‍ജീവിത പശ്ചാത്തലത്തില്‍ ഒരുക്കുന്ന ഈ ചിത്രത്തില്‍ മുതിര്‍ന്നവര്‍ക്ക് അവരുടെ ഓര്‍മകളും കുട്ടികള്‍ക്ക് കൗതുകവും ജനിപ്പിക്കുന്ന ആവിഷ്‌ക്കാരമാണ്. ഉണ്ണികൃഷ്ണനായി മാസ്റ്റര്‍ ഗൗരവ് മേനോനും റിയയായി ബേബി മീനാക്ഷിയും വേഷമിടുന്നു.

ക്രയോണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ അഭിജിത് അശോകന്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സന്തോഷ് അണിമ നിര്‍വഹിക്കുന്നു. അരുണ്‍ വിശ്വം, അഭിജിത് അശോകന്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ-സംഭാഷണമെഴുതുന്നു. ബി.കെ. ഹരിനാരായണന്റെ വരികള്‍ക്ക് ശ്രീരാജ് കെ. സഹജന്‍ സംഗീതം പകരുന്നു. 

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജാവേദ് ചെമ്പ്, വസ്ത്രാലങ്കാരം-സ്റ്റെഫി സേവ്യര്‍, പരസ്യകല-ബാലു നാരായണന്‍, എഡിറ്റര്‍-സുനീഷ് സെബാസ്റ്റ്യന്‍, ഓഫീസ് നിര്‍വഹണം-വിഷ്ണുലാല്‍, പ്രൊഡക്ഷന്‍ മാനേജര്‍-ബിനീഷ്.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ രസിക്കാന്‍ ഉതകുംവിധത്തില്‍ മനോഹരമായ ഗ്രാമീണപശ്ചാത്തലത്തില്‍ ഒരുക്കുന്ന കോലുമിട്ടായി ഒക്ടോബര്‍ 21-ന് തിയ്യറ്ററിലെത്തും.