കോട്ടയം വാകത്താനം പന്തീരുപറ കോളനിയിലെ ഭാര്യവീട്ടിൽ സുധിയുടെ ഇളയമകൻ ഋതുലുമായി ഭാര്യയുടെ ചേച്ചി രമ്യ. ഭാര്യ രേണു| ഫോട്ടോ: ഇ.വി രാഗേഷ്, മകൻ രാഹുൽ
പൊങ്ങന്താനം (കോട്ടയം): പല്ലുവേദന കാരണം നീരുവെച്ച കുഞ്ഞിന്റെ മുഖം വീഡിയോകോളില്‍ കണ്ടപ്പോള്‍ സുധി ആകെ വിഷമത്തിലായിരുന്നു. വടകരയില്‍ ഷോ വേഗം തീര്‍ത്ത് വീട്ടിലെത്താമെന്ന് പറഞ്ഞു. മടങ്ങിവന്നാല്‍ ആശുപത്രിയില്‍ കൊണ്ടുപോകാമെന്നും.
ഭാര്യാപിതാവ് തങ്കച്ചനോടും ഒരുങ്ങിനില്‍ക്കണമെന്ന് പറഞ്ഞു. ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന തങ്കച്ചന് വൈദ്യപരിശോധന വേണമായിരുന്നു. സുധിയെ കാത്തിരുന്ന പൊങ്ങന്താനം പന്തീരുപറ കോളനിയിലെ പുതുക്കാട്ടില്‍ വീട്ടിലേക്ക് പക്ഷേ, തിങ്കളാഴ്ച പുലര്‍ച്ചെയെത്തിയത് സങ്കടവാര്‍ത്ത.
കൊല്ലം സുധിയും കുടുംബവും ഇവിടെ താമസം തുടങ്ങിയത് അടുത്തകാലത്താണ്. ഭാര്യ രേണുവിന്റെ ബന്ധുക്കള്‍ ഇവിടെയുള്ളത് കാരണം ഇവിടെ വീട് വെക്കാനും ആഗ്രഹിച്ചിരുന്നു. കഴിഞ്ഞ മാസമാണ് ഇളയകുഞ്ഞ് ഋതുലിനെ പൊങ്ങന്താനം യു.പി.എസില്‍ ചേര്‍ത്തത്. ഇപ്പോള്‍ വാടകയ്ക് താമസിക്കുന്ന വീടിന് സമീപം അഞ്ച് സെന്റ് ഭൂമി വാങ്ങാന്‍ അല്‍പ്പം തുക മുന്‍കൂര്‍ നല്‍കിയിരുന്നു. പക്ഷേ, പ്രയാസങ്ങള്‍ കാരണം ഭൂമി രജിസ്‌ട്രേഷന്‍ നടന്നില്ല. പണം ഒത്തുവരാഞ്ഞതാണ് കാരണം.
മലയാളിയെ രസിപ്പിച്ച കലാകാരന്റെ ഇല്ലായ്മകള്‍ പക്ഷേ പലപ്പോഴും അദ്ദേഹവും കുടുംബവും മാത്രം അറിയുന്നതായിരുന്നു. ചിരിച്ച മുഖത്തോടെ മാത്രം സുധിയെ കാണുന്ന പരിസരവാസികള്‍ക്ക് അദ്ദേഹം പ്രിയപ്പെട്ടവനായിരുന്നു. അയല്‍വീടുകളിലെ പരിപാടികള്‍ക്ക് മുഖ്യാതിഥി മറ്റാരുമല്ല. മകളുടെ ആദ്യകുര്‍ബ്ബാന സ്വീകരണചടങ്ങിന് വീട്ടുമുറ്റത്ത് ഗാനമേള നടത്തിയ സുധിയെ അയല്‍വാസി വിപിന്‍രാജു ഓര്‍ക്കുന്നു. ഋതുലിന്റെ സ്‌കൂളിലെ പി.ടി.എ. പ്രസിഡന്റ് കൂടിയാണ് വിപിന്‍.
മൂത്ത മകന്‍ രാഹുലാണ് എപ്പോഴും സുധിക്കൊപ്പം യാത്രപോവുക. പ്ലസ് ടു കഴിഞ്ഞ് നില്‍ക്കുന്ന രാഹുല്‍ അച്ഛന് എല്ലാമെല്ലാമായിരുന്നു. ഞായറാഴ്ച വടകരയ്ക് പോകുമ്പോള്‍ രാഹുലിനോട് വരേണ്ടന്ന് പറഞ്ഞു. അയല്‍വാസിയുടെ കാറിലാണ് ബസ്റ്റോപ്പിലേക്ക് പോയത്. മടക്കം സുഹൃത്തുക്കളുടെ കാറിലായിരിക്കുമെന്നും പറഞ്ഞിരുന്നു.
''വീടും ഭൂമിയും ഒന്നും വേണ്ട. എനിക്കെന്റെ സുധിയേ മാത്രം മതിയായിരുന്നു''. സുധിയുടെ ഭാര്യ രേണുവിന്റെ സങ്കടവാക്കുകള്‍ക്ക് ആശ്വാസം നല്‍കാന്‍ കഴിയാതെ ബന്ധുക്കള്‍ നിന്നു. സുധിയെക്കുറിച്ച് അവര്‍ കണ്ണീരോടെ സംസാരിച്ചു. ജീവിതകാലത്ത് ഒരു മനുഷ്യനോടും പരിഭവമോ വെറുപ്പോ ഇല്ലാത്തൊരു മനുഷ്യനെ കണ്ടിട്ടില്ലെന്ന് രേണു. സുഹൃത്തുക്കള്‍ക്കും കലാകാരന്‍മാര്‍ക്കും താന്‍ പരിചയിച്ചവര്‍ക്കുമെല്ലാം നന്‍മ വരണമെന്ന് മാത്രം ആഗ്രഹിച്ച കലാകാരന്‍.
മൃതദേഹം ചൊവ്വാഴ്ച രാവിലെ ഒന്‍പതിന് പൊങ്ങന്താനത്തെ വീട്ടിലെത്തിക്കും. 10.20-ന് പൊങ്ങന്താനം സ്‌കൂളില്‍ പൊതുദര്‍ശനം. അതിനുശേഷം വാകത്താനം പഞ്ചായത്തിന്റെ ഞാലിയാകുഴി മഹാത്മജി ഓഡിറ്റോറിയത്തിലും അന്ത്യോപചാരം. വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം റിഫോമ്ഡ് ചര്‍ച്ച് ഓഫ് ഇന്ത്യ തോട്ടയ്കാട് സെമിത്തേരിയില്‍ സംസ്‌കാരം നടക്കും.
Content Highlights: kollam sudhi car accident death his family, wife renu, sons rahul and rithul


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..