ദിലീഷ് പോത്തന്റെ സംവിധാനത്തില്‍ ഫഹദ് ഫാസിലിനെ നായകനായ മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ മഹേഷിന്റെ ചാച്ചനെ ആരും മറന്നു കാണില്ല. നാടക കലാകാരനായിരുന്ന കെ.എല്‍.ആന്റണി അവിസ്മരണീയമാക്കിയ കഥാപാത്രമായിരുന്നു അത്.

ആന്റണിയുടെ അപ്രതീക്ഷിത വിയോഗത്തില്‍ ദു:ഖം രേഖപ്പെടുത്തി വികാരഭരിതമായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ഫഹദ് ഫാസില്‍. 

'ചില കാരണങ്ങളാല്‍ ഇത് വളരെ പെട്ടെന്ന് ആയി പോയെന്ന് എനിക്ക് തോന്നുന്നു. താങ്കളെ അറിഞ്ഞതും കണ്ടതും മനോഹരമായ ഓർമകളാണ് . നമുക്ക് അവിടെവച്ച് വീണ്ടും കണ്ടുമുട്ടാം, ഇപ്പോള്‍ വിട പറയുന്നു...ഫഹദ് കുറിച്ചു. 

maheshinte prathikaram

വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് നാടക സംവിധായകനും നടനുമായ കെ എല്‍ ആന്റണി (70) കൊച്ചിയില്‍ വച്ച് നിര്യാതനായത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. മഹേഷിന്റെ പ്രതികാരത്തിലൂടെയാണ് കെ.എല്‍. ആന്റണി സിനിമയിലേക്കെത്തുന്നത്. ചിത്രത്തിലെ ഫഹദിന്റെ അച്ഛനായുള്ള അദ്ദേഹത്തിന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് ഗപ്പി, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു.

കൊച്ചിന്‍ കലാകേന്ദ്രം എന്ന നാടക സമിതി രൂപവത്കരിച്ചിട്ടുണ്ട്. 1979 ല്‍ ആന്റണിയുടെ കൊച്ചിന്‍ കലാകേന്ദ്രത്തില്‍ അഭിനയിക്കാനെത്തിയ പൂച്ചാക്കല്‍ സ്വദേശിനി ലീനയെ ആണ് ആന്റണി ജീവിത പങ്കാളിയാക്കിയത്. നാടക നടിയായ ലീന മഹേഷിന്റെ പ്രതികാരത്തിലുള്‍പ്പടെ ചില ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.

Content Highlights : KL Antony Passes Away Fahad Faasil Facebook post Maheshinte prathikaram Antony Dileesh Pothan