ഡോ. അംബൂക്കന്റെ കുടുംബാംഗങ്ങളും സാഗർ ഹോട്ടൽ ഉടമകളും പണ്ട് യേശുദാസ് ഉപയോഗിച്ചിരുന്ന അതേ മുറിയിൽ ഒന്നിച്ചപ്പോൾ
ലോകമറിയുന്ന വലിയ പാട്ടുകാരനാകുന്നതിനുമുമ്പ്, യേശുദാസ് വന്ന് താമസിക്കാറുള്ള ഒരു വീടുണ്ട് കോഴിക്കോട്ട്. പാട്ടോര്‍മകളുടെ ചരിത്രം പറയാനുള്ള ആ വീട് ഇന്ന് രുചിയേറും ഭക്ഷണങ്ങള്‍ വിളമ്പുന്ന ഒരു പ്രശസ്ത ഹോട്ടലാണ്; ഹോട്ടല്‍ സാഗര്‍.
നാലരപ്പതിറ്റാണ്ടുമുമ്പ് ഒലവക്കോട്ടേക്കുപോയ ദന്തരോഗ വിദഗ്ധന്‍ ഡോ. എഫ്രേം അംബൂക്കന്റെ വീടാണ് പിന്നീട് സാഗര്‍ ഹോട്ടലായത്. കെ.എസ്.ആര്.ടി.സി. ബസ്സ്റ്റാന്‍ഡ് വീടിന്റെ തൊട്ടപ്പുറത്ത് വരുന്നതറിഞ്ഞാണ് അംബൂക്കന്‍ അന്ന് വീടുവിറ്റ് പോയത്. പിന്നണി ഗാനജീവിതത്തിന്റെ തുടക്കത്തില്‍ കോഴിക്കോട്ടെത്തുമ്പോഴെല്ലാം യേശുദാസ് തങ്ങിയിരുന്നത് അംബൂക്കന്റെ ഈ വീട്ടിലായിരുന്നു. 1960-കളുടെ തുടക്കം മുതല്‍ ഒന്നരപ്പതിറ്റാണ്ടോളം.
1978 മുതല്‍ ഇവിടെ ഹോട്ടല്‍ നടത്തുന്ന കുന്ദമംഗലം സ്വദേശി ഹംസ ഹാജിയുടെ പിന്തലമുറക്കാര്, സംഗീത ഗവേഷകനും മാതൃഭൂമി സംഗീത ഗവേഷണവിഭാഗം മുന്‍ മേധാവിയുമായ രവി മേനോനിലൂടെയാണ് നൂറ്റാണ്ട് പിന്നിട്ട ഈ കെട്ടിടത്തിന്റെ യേശുദാസ് ബന്ധമറിഞ്ഞത്. അറിഞ്ഞയുടന്‍ അന്ന് ആ വീട്ടില്‍ താമസിച്ചിരുന്നവരെ ഹോട്ടലിലേക്ക് ക്ഷണിച്ച് ഒരു വിരുന്നുനല്കി. യേശുദാസ് താമസിക്കാറുണ്ടായിരുന്ന, പാട്ടുപാടാറുണ്ടായിരുന്ന മുറിയില്‍ വെച്ചുതന്നെയായിരുന്നു ആ സുഹൃദ്സത്കാരം.
ഡോ. അംബൂക്കന്റെ മക്കള്‍ ലത സതീഷ്, കവിത ജഗത് (അധ്യാപിക), മരുമക്കള്‍ സതീഷ് ബാബു (പിന്നണി ഗായകന്), ജഗത് കുമാര്‍ (പി.എഫ്. ഓഫീസര്‍), പേരമക്കളായ അപര്‍ണ, ജോസഫ് എന്നിവരാണ് തറവാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രതീതിയില്‍ സാഗറില്‍ വിരുന്നിനെത്തിയത്. അപര്‍ണയുടെ പിറന്നാള്‍ ആഘോഷവും അവിടെ നടന്നു. ഹോട്ടലിന്റെ സ്ഥാപകന്‍ ഹംസ ഹാജിയുടെ മക്കളായ കെ.ടി. മന്‍സൂര്‍, കെ.ടി. ഡാനിഷ്, മരുമകന് അബ്ദുള്‍ സലാം എന്നിവര്‍കൂടി ഇവര്‍ക്കൊപ്പം ചേര്‍ന്നപ്പോള്‍ വളരെ അടുത്ത രണ്ടുകുടുംബങ്ങള്‍ കാലങ്ങള്‍ക്കുശേഷം കണ്ടുമുട്ടിയ സന്തോഷം. അംബൂക്കന്റെ ആറുമക്കളില്‍ ഇപ്പോള്‍ നാട്ടിലില്ലാത്തവര്‍ ഈ കൂട്ടായ്മയുടെ ഭാഗമാകാന്‍ വീഡിയോ കോളിലുമെത്തി.
യേശുദാസിന്റെ ഓര്‍മകളില്‍
''ഡോ. അംബൂക്കനെയും ഭാര്യ ആലിയമ്മ എന്ന് ഞങ്ങള്‍ വിളിച്ചിരുന്ന ആലീസിനെയും മറക്കാനാവില്ല. ആലിയമ്മയ്ക്ക് പാട്ട് വലിയ ഇഷ്ടമായിരുന്നു. അക്കാലത്തെ എന്റെ പാട്ടുകള്‍ മുഴുവന്‍ കേട്ട് വരികള്‍ സൂക്ഷ്മതയോടെ എഴുതിയെടുത്ത് ഡയറിയില്‍ സൂക്ഷിക്കും. എനിക്കും ആ ഡയറി വളരെ പ്രയോജനപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ച് സ്റ്റേജ് പരിപാടികളില്‍.''- യേശുദാസ് രവി മേനോനോടായി പറഞ്ഞു.
Content Highlights: kj yesudas stayed house that turns into hotel
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..