രു ഇന്ത്യന്‍ യുവാവിന്റെ കഥ പറഞ്ഞ ഹോളിവുഡ് ചിത്രം ലയണ്‍ കണ്ട് കരഞ്ഞുപോയെന്ന് നടിയും ടി.വി താരവും മോഡലുമായ കിം കര്‍ദാഷിയന്‍. 'ഞാനിപ്പോള്‍ ലയണ്‍ സിനിമ കണ്ടതേയുള്ളൂ. സിനിമ കണ്ട് കുറേ കരഞ്ഞു. നിങ്ങള്‍ ആ സിനിമ കണ്ടില്ലെങ്കില്‍ തീര്‍ച്ചയായും കാണണം'-കിം ട്വിറ്ററില്‍ കുറിച്ചു.

ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് നടന്‍ ദേവ് പട്ടേല്‍ അഭിനയിച്ച ലയണ്‍ ഇത്തവണത്തെ ഓസ്‌ക്കറില്‍ ആറ് നോമിനേഷനുകളാണ് നേടിയത്. മികച്ച സഹനടനുള്ള മത്സരത്തില്‍ അവാര്‍ഡ് ജേതാവ് മെഹര്‍ഷല അലിക്കൊപ്പം മത്സരിക്കാന്‍ ദേവും ഉണ്ടായിരുന്നു.

ഓസ്‌ട്രേലിയയിലെ ടാസ്മാനിയയില്‍ നിന്ന് ഗൂഗിള്‍ എര്‍ത്തിന്റെ സഹായത്തോടെ ഇന്ത്യയിലെ വീട്ടിലേയ്ക്ക് വരുന്ന സരൂ ബ്രയേളിയുടെ ഹൃദയസ്പര്‍ശിയായ കഥയാണ് ഗാര്‍ത്ത് ഡേവിഡ് സംവിധാനം ചെയ്ത ചിത്രം പറഞ്ഞത്. ഇന്ത്യയും ഓസ്‌ട്രേലിയയുമായിരുന്നു ലൊക്കേഷന്‍. എട്ടു വയസ്സുകാരന്‍ സണ്ണി പവാറാണ് ചിത്രത്തില്‍ ദേവ് പട്ടേലിന്റെ കുട്ടിക്കാലം അവതരിപ്പിച്ചത്. ഓസ്‌ക്കര്‍ അവാര്‍ഡ്ദാന ചടങ്ങിലെ താരമായിരുന്നു കുഞ്ഞു സണ്ണി.

തന്നിഷ്ഠ ചാറ്റര്‍ജി, നവാസുദ്ദീന്‍ സിദ്ധിഖി, ദീപ്തി നവല്‍ എന്നിവരും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്.