വേലക്കാരിയെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ ബോളിവുഡ് നടി കിം ശര്‍മയ്‌ക്കെതിരെ പോലീസ് കേസ്. മൊഹബത്തെയ്ന്‍, ഫിദ, യാഖീന്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് കിം. മുംബൈ മിററാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

വസ്ത്രം അലക്കുന്ന സമയത്ത് നിറമുള്ള വസ്ത്രങ്ങള്‍ അറിയാതെ വെള്ള വസ്ത്രങ്ങള്‍ക്കൊപ്പം പെട്ടതിന് മര്‍ദിച്ചുവെന്നും വീട്ടില്‍നിന്ന് ഇറക്കിവിടുകയും  ചെയ്തുവെന്ന് കിമ്മിന്റെ വേലക്കാരിയായിരുന്ന എസതര്‍ കേയ്‌സ്‌ നല്‍കിയ പരാതിയില്‍ പറയുന്നു. വെള്ള വസ്ത്രത്തിലേക്ക് നിറമുള്ള വസ്ത്രത്തില്‍നിന്നു നിറം പടര്‍ന്നതാണ് കിമ്മിനെ ചൊടിപ്പിച്ചത്.  

ജോലി ചെയ്ത ദിവസങ്ങളിലെ ശമ്പളം തരാനുണ്ടായിരുന്നുവെന്നും ഒരുപാട് തവണ ചോദിച്ചിട്ടും കിം നല്കാന്‍ കൂട്ടാക്കിയില്ലെന്നും എസ്തറിന്റെ പരാതിയില്‍ പറയുന്നു. ഐപിസി സെക്ഷന്‍ 323, 504 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് .

എന്നാല്‍ തനിക്ക് നേരെയുള്ള ആരോപണങ്ങളെല്ലാം കിം നിഷേധിച്ചു. താന്‍ എസ്തറിനെ മര്‍ദിച്ചിട്ടില്ലെന്നും തന്റെ എഴുപതിനായിരം രൂപ വില വരുന്ന വസ്ത്രങ്ങളാണ് എസ്തര്‍ നശിപ്പിച്ചതെന്നും അവരോട് വീട്ടില്‍നിന്നു പോകാന്‍ മാത്രമേ ആവശ്യപ്പെട്ടുള്ളൂവെന്നും കിം മാധ്യമങ്ങളോട് പറഞ്ഞു. 

Content Highlights : Kim Sharma servant accuses physical assault and non-payment of dues lodges complaint, kim sharma bollywood