അമേരിക്കന്‍ ഗായകന്‍ കാന്യേ വെസ്റ്റും നടിയും ടെലിവിഷന്‍ അവതാരകയുമായ കിം കര്‍ദാഷ്യാനും വിവാഹമോചിതരാകുന്നു. ഏഴ് വര്‍ഷത്തെ ദാമ്പത്യബന്ധമാണ് ഇരുവരും അവസാനിപ്പിക്കുന്നത്. വിവാഹമോചന ഹര്‍ജി കിം കോടതിയില്‍ ഫയല്‍ ചെയ്തു. 

2002 ലായിരുന്നു കിമ്മും കാന്യേയും പരിചയപ്പെടുന്നത്. 2014 ല്‍ ഇവര്‍ വിവാഹിതരായി. ഈ ബന്ധത്തില്‍ നാല് മക്കളുണ്ട്. 

മാസങ്ങളായി ഇരുവരും വേര്‍പിരിഞ്ഞു താമസിക്കുകയാണെന്നും വിവാഹമോചനത്തിന് മുന്നോടിയായുള്ള കൗണ്‍സിലിങ് നടന്നുകൊണ്ടിരിക്കുകയായിരുന്നു.

ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചതിന് കിം കര്‍ദാഷ്യാനോട് കാന്യേ വെസ്റ്റ് മാപ്പ് ചോദിച്ചത് കുറച്ച് നാളുകള്‍ക്ക് മുമ്പ് വാര്‍ത്തയായിരുന്നു. കിമ്മുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന തരത്തില്‍ കാന്യേ ഒരു ട്വീറ്റ് പങ്കുവച്ചിരുന്നു. തൊട്ടുപിന്നാലെ കാന്യേ ബൈപോളാര്‍ മാനസികാസ്ഥയിലൂടെ കടന്നുപോകുകയാണെന്നും അദ്ദേഹത്തോട് എല്ലാവരും അനുതാപത്തോടെ പെരുമാറണമെന്നും കിമ്മും ട്വീറ്റ് ചെയ്തു.  

'കാന്യേ , അതി ബുദ്ധിമാനും അത്ര തന്നെ സങ്കീര്‍ണതയുമുള്ള ഒരു വ്യക്തിയാണ്. ഒരു ഗായകന്‍, കറുത്ത വര്‍ഗക്കാരന്‍, വളരെ വേജദനാജനകമായ രീതിയില്‍ അമ്മയെ നഷ്ടപ്പെട്ട ഒരാള്‍ എന്ന നിലയില്‍ അദ്ദേഹം ഒരുപാട് സമ്മര്‍ദ്ദമാണ് ജീവിതത്തില്‍ അനുഭവിക്കുന്നത്. ഏകാന്തത ബൈപോളാര്‍ മാനസികാവസ്ഥ അനുഭവിക്കുന്ന അവസരത്തില്‍ ഇരട്ടിയാകുന്നു. കാന്യേ അറിയുന്ന എല്ലാവര്‍ക്കും  ഇതറിയാം. അദ്ദേഹത്തിന്റെ വാക്കുകളെ നിങ്ങള്‍ പ്രശ്നമായി നോക്കി കാണേണ്ട എന്നാണ് കിം ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ കുറിച്ചത്. 

ഇത് വലിയ ചര്‍ച്ചയായതോടെയാണ് കിമ്മിനോട് മാപ്പ് പറഞ്ഞ് കാന്യേ രംഗത്തെത്തിയത്.

Content Highlights: Kim Kardashian Files For Divorce From Kanye West