കിച്ചാ സുദീപ് | ഫോട്ടോ: എ.എഫ്.പി
കന്നഡ സിനിമയിൽ ഏറെ ആരാധകരുള്ള താരമാണ് കിച്ചാ സുദീപ്. താരം പ്രധാന വേഷത്തിലെത്തിയ വിക്രാന്ത് റോണ നൂറ് കോടി ക്ലബിലും ഇടംപിടിച്ചിരിക്കുകയാണ്. ഈ അവസരത്തിൽ തന്റെ വ്യത്യസ്തരായ ആരാധകരേക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് താരം. ഇതിൽ കിലോ മീറ്ററുകൾ നടന്ന് കാണാൻ വന്നവരും പേര് ദേഹത്ത് പച്ചകുത്തിയവരും വീട്ടിൽ വിഗ്രഹം സ്ഥാപിച്ച് ആരാധിക്കുന്നവരുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ആരാധകർ ഏതറ്റം വരെയും പോകുന്നവരാണെന്ന് കിച്ചാ സുദീപ് പറഞ്ഞു. എന്റെ ചിത്രവും പേരും ദേഹത്ത് പച്ചകുത്തുന്നവരുണ്ട്. ഇത് ഭ്രാന്താണെന്ന് പറഞ്ഞാൽ പ്രായമായ അച്ഛനും അമ്മയും മകളും അടങ്ങുന്ന ഒരു കുടുംബത്തെ കാണിച്ചുതരും ഞാൻ. എന്നെ കാണാൻ 15 ദിവസം നടന്നാണവർ നടന്നത്. സഹായം ചോദിച്ചൊന്നുമല്ല അവർ വന്നത്. വഴിയിൽ കണ്ടവർ അവരുടെ യാത്രയുടെ ഉദ്ദേശമറിഞ്ഞ് അവർക്ക് ഭക്ഷണവും മറ്റും നൽകി. അവരെ കാണുകയും പകുതി ദിവസം അവർക്കൊപ്പം ചെലവിടുകയും ചെയ്തു. തിരിച്ചുപോകാനുള്ള ടിക്കറ്റ് ഞാനെടുത്തുനൽകുകയായിരുന്നു. അവർ കാൽനടയായി തിരിച്ചുപോകാൻ തനിക്ക് താത്പര്യമില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
"ഒരിക്കലും പൂർണനല്ല ഞാൻ. എനിക്കും തെറ്റുപറ്റും. എന്റെ പേരിൽ ക്ഷേത്രം പണിത് വിഗ്രഹം സ്ഥാപിച്ച് ആരാധിക്കുന്നവരുണ്ട്. വീടുകളിൽ എന്റെ ചിത്രവും വിഗ്രഹവും വെച്ച് രാവിലെ പൂജ ചെയ്യുന്നവരുണ്ട്. കർണാടകയിലെ ഒരു ഗ്രാമത്തിലെ മുഴുവൻ വീടുകളിലും രാവിലെ എന്റെ ചിത്രത്തിനുമുന്നിൽ പൂജ ചെയ്യുന്ന ആരാധകരുണ്ട്. അതെന്നെ ഭയപ്പെടുത്തുന്നുണ്ട്. കാരണം ഒരിക്കലും അങ്ങനെയൊരു സ്ഥാനമല്ല ഞാൻ ആഗ്രഹിച്ചത്." കിച്ചാ സുദീപ് പറഞ്ഞു.
1997-ൽ പുറത്തിറങ്ങിയ തായവ്വാ എന്ന ചിത്രത്തിലൂടെയാണ് സുദീപ് വെള്ളിത്തിരയിലേക്കെത്തുന്നത്. എന്നാൽ 2001-ൽ പുറത്തിറങ്ങിയ ഹുച്ച എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സൂപ്പർ താരപദവിയിലേക്കുയർന്നത്. ഇതിനുശേഷം രക്തചരിത്ര, ഈച്ച, ബാഹുബലി-ദ ബിഗിനിങ്, ദബാങ് 3 എന്നീ അന്യഭാഷാ ചിത്രങ്ങളിലും അദ്ദേഹം സാന്നിധ്യമറിയിച്ചു. പുതുതായെത്തിയ വിക്രാന്ത് റോണ നൂറുകോടി കളക്ഷനും സ്വന്തമാക്കി കുതിക്കുകയാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..