തെന്നിന്ത്യൻ സിനിമാലോകത്തു സൂപ്പർ ഹിറ്റായി മാറിയ കെ.ജി.എഫിലൂടെ ഇന്ത്യയൊട്ടാകെ ആരാധകവൃന്ദമുള്ള യാഷിന്റെ പിറന്നാൾ ദിനമാണിന്ന്.  താരത്തിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ആവേശം കൊള്ളിക്കാനായി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഒരു സമ്മാനവും കരുതിയിരുന്നു. കെ.ജി.എഫ് ചാപ്റ്റർ 2-ന്റെ ടീസറായിരുന്നു അത്. എന്നാൽ, പ്രതീക്ഷകളെ തകിടം മറിച്ചുകൊണ്ട് ‌ടീസർ കഴിഞ്ഞ ദിവസം ലീക്കായി. അതോടെ ഔദ്യോ​ഗികമായി ‌‌ റിലീസ് ചെയ്യാൻ അണിയറ പ്രവർത്തകരും നിർബന്ധിതരായി. എന്തായാലും രണ്ടാം ഭാ​ഗത്തിനുള്ള കാത്തിരിപ്പിലാണ് ആരാധകർ.

കുറച്ച് കാലങ്ങൾക്ക് മുൻപ് വരെ അന്യഭാഷ സിനിമകളെ സ്നേഹിക്കുന്ന മലയാളികൾക്ക് പോലും സുപരിചിതമായ പേരായിരുന്നില്ല യാഷിന്റേത്. കാരണം അദ്ദേഹത്തിന്റെ വളർച്ച അത്ര പെട്ടന്നായിരുന്നില്ല. ഒരു പാട് പ്രതിസന്ധികൾ തരണം ചെയ്താണ് അദ്ദേഹം സിനിമയിൽ എത്തിയത്. സിനിമാ പാരമ്പര്യമൊന്നുമില്ലാത്ത സാധാരണ ഒരു കുടുംബത്തിൽനിന്ന് വരുന്ന ഒരാൾ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളിലൂ‌ടെ യാഷും കടന്നുപോയി. 

അതെക്കുറിച്ച് അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞതിങ്ങനെയായിരുന്നു:

മാതാപിതാക്കളുടെ ആഗ്രഹത്തിന് വിരുദ്ധമായി സിനിമ തിരഞ്ഞെടുത്തപ്പോൾ ഒരുപാട് ആശങ്കകൾ ഉണ്ടായിരുന്നു. എന്നാൽ ആത്മവിശ്വാസം മാത്രമായിരുന്നു കൈമുതൽ. വീട്ടിൽനിന്ന് ഞാൻ ബെംഗ്‌ളൂരുവിലേക്ക് ഓടിപ്പോരുകയായിരുന്നു. 300 രൂപ മാത്രമാണ് പോക്കറ്റിൽ ഉണ്ടായിരുന്നത്.

എനിക്ക് കഠിനാധ്വാനം ചെയ്യാൻ മടിയില്ലായിരുന്നു. വീട്ടിലേക്ക് മടങ്ങില്ല എന്ന് ഉറപ്പിച്ചു. കാരണം വീട്ടിലെത്തിയാൽ പിന്നീട് ഒരു തിരിച്ചുപോക്കിന് സാധ്യത ഉണ്ടായിരുന്നില്ല. മാതാപിതാക്കൾ പറയുന്ന ജോലി ചെയ്ത് ജീവിക്കേണ്ടി വരും. അത് ഭയന്നാണ് ഞാൻ ബെംഗ്‌ളൂരുവിൽ തന്നെ തുടർന്നത്. ഞാൻ സർക്കാർ ജോലി ചെയ്യണമെന്നതായിരുന്നു അച്ഛന്റെ ആഗ്രഹം. അച്ഛൻ ബി.എം.ടി.സി ബസ് ഡ്രൈവറായിരുന്നു. അമ്മ വീട്ടമ്മയും. ഒരു സഹോദരനുണ്ട്, നവീൻ. ഞങ്ങൾക്ക് ഒരു കൊച്ചുകടയുണ്ടായിരുന്നു. അവിടെ പച്ചക്കറിയെല്ലാം വിറ്റിരുന്നു. ഞാൻ കടയിൽ സാധനങ്ങൾ എടുത്തു കൊടുക്കാൻ നിൽക്കാറുണ്ടായിരുന്നു. ഞങ്ങൾ ഒരുപാട് സാമ്പത്തിക പ്രതിസന്ധികൾ അനുഭവിച്ചിട്ടുണ്ട്.

കുട്ടിക്കാലം മുതൽ സിനിമയായിരുന്നു എന്റെ ലക്ഷ്യം. അതിന് വേണ്ടി സ്‌കൂളിലും കോളേജിലുമെല്ലാം നാടകത്തിൽ പങ്കെടുക്കാറുണ്ടായിരുന്നു. സ്റ്റേജ് പരിപാടിക്കൊടുവിൽ കേൾക്കുന്ന കൈയ്യടികളോട് എനിക്ക് ഒരു തരം ആസക്തിയായിരുന്നു. ഞാൻ ഒരു നായകനാണെന്ന് സ്വയം സങ്കൽപ്പിച്ചു. എന്റെ സ്വപ്‌നലോകത്ത് മാത്രമായിരുന്നു ജീവിതം.

അരങ്ങേറ്റ ചിത്രമായ മൂങ്കിന മനസ്സിനിടയിലാണ് ന‌ടി രാധിക പണ്ഡിറ്റുമായി സൗഹൃദത്തിലാകുന്നത്. സൗഹൃദം പ്രണയമായി. അഞ്ച് വർഷത്തെ പ്രണയത്തിനൊ‌ടുവിൽ വിവാഹവും. തന്റെ യാത്രയ്ക്ക് കരുത്ത് പകർന്നത് രാധികയാണെന്ന് യാഷ് പറയാറുണ്ട്. 

 

മലയാളം ഉൾപ്പെടെ ഒട്ടുമിക്ക ഇന്ത്യൻ ഭാഷകളിലും കെ.ജി.എഫ് 2 റിലീസ് ചെയ്യും.  കോലാർ സ്വർണഖനിയിലെ തൊഴിലാളികളുടെ അതിജീവനത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. പ്രശാന്ത് നീലാണ് സംവിധായകൻ. ആദ്യഭാ​ഗത്തിലെ താരങ്ങൾക്ക് പുറമേ രവീണ ഠണ്ടൺ, സഞ്ജയ് ദത്ത് എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. വില്ലനായ അധീരയെയാണ് സഞ്ജയ് ദത്ത് അവതരിപ്പിക്കുന്നത്. 

Content Highlights: KGF Chapter 2 teaser, Yash Birthday, journey of a super star, Radhika Pandit