തിരുവനന്തപുരം; കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരത്തില്‍ സംവിധായകന്‍ കെ.ജി. ജോര്‍ജ്ജിന് ചലച്ചിത്രരത്‌നം. ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് ചലച്ചിത്രരത്‌നം നല്‍കുന്നത്. രണ്ടു പതിറ്റാണ്ടിലേറെ നീണ്ടു നിന്ന സിനിമാ ജീവിതത്തില്‍ മലയാള സിനിമയ്ക്ക് പുതിയ ഭാവതലങ്ങള്‍ സമ്മാനിച്ച, കാലത്തിന് മുന്‍പേ സഞ്ചരിച്ച സിനിമകളുമായി ഇന്നും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ചലച്ചിത്രപ്രതിഭയാണ് കെ.ജി. ജോര്‍ജ്ജ്. കലാമൂല്യമുള്ള സിനിമ, കച്ചവട സിനിമ എന്നിങ്ങനെയുള്ള സാങ്കല്‍പ്പിക അതിര്‍ത്തികളെ തന്റെ ശൈലിയിലൂടെ കെ.ജി. ജോര്‍ജ്ജ് പൊളിച്ചെഴുതി. 

സ്വപ്നാടനം, ഉള്‍ക്കടല്‍, കോലങ്ങള്‍, മേള, ഇരകള്‍, യവനിക, ലേഖയുടെ മരണം ഒരു ഫ്‌ലാഷ്ബാക്ക്, ആദാമിന്റെ വാരിയെല്ല്, കഥയ്ക്ക് പിന്നില്‍, മറ്റൊരാള്‍, പഞ്ചവടിപ്പാലം, ഈ കണ്ണി കൂടി എന്നിങ്ങനെ ഇരുപതോളം ചിത്രങ്ങളേ കെ.ജി. ജോര്‍ജ്ജ് സംവിധാനം ചെയ്തിട്ടുള്ളൂ. എന്നാല്‍, മലയാള സിനിമയുടെ ചരിത്രത്തില്‍ വിപ്ലവകരമായ പല മാറ്റങ്ങള്‍ക്കും അദ്ദേഹം തുടക്കമിട്ടു. വ്യവസ്ഥാപിത നായക-നായിക സങ്കല്‍പ്പങ്ങളെ, കപടസദാചാരത്തെ, അഴിമതിയെ സിനിമ എന്ന മാധ്യമത്തിലൂടെ അദ്ദേഹം ചോദ്യം ചെയ്തു.

യവനിക, സ്വപ്‌നാടനം, ആദമിന്റെ വാരിയെല്ല്, ഇരകള്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് അദ്ദേഹത്തിന് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ലഭിച്ചു. 2016-ല്‍ ചലച്ചിത്ര രംഗത്തെ സമഗ്രസംഭാവനയ്ക്ക് ജെ.സി. ഡാനിയേല്‍ പുരസ്‌കാരത്തിനും അര്‍ഹനായി. 

ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; 'ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' മികച്ച ചിത്രം......

കേരളത്തില്‍ സംസ്ഥാന അവാര്‍ഡ് കഴിഞ്ഞാല്‍ അപേക്ഷ ക്ഷണിച്ച് ചിത്രങ്ങള്‍ വരുത്തി ജൂറി കണ്ട് നിര്‍ണയിക്കുന്ന ഒരേയൊരു ചലച്ചിത്രപുരസ്‌ക്കാരമാണ് ക്രിട്ടിക്‌സ് പുരസ്‌കാരം. അസോസിയേഷന്‍ പ്രസിഡന്റും ജൂറി ചെയര്‍മാനുമായ ഡോ. ജോര്‍ജ്ജ് ഓണക്കൂറാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. തേക്കിന്‍കാട് ജോസഫ്, ബാലന്‍ തിരുമല, ഡോ. അരവിന്ദന്‍ വല്ലച്ചിറ, പ്രൊഫ. ജോസഫ് മാത്യു പാലാ, സുകു പാല്‍ക്കുളങ്ങര, എ. ചന്ദ്രശേഖര്‍ എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍. മൊത്തം 34 ചിത്രങ്ങളാണ് ജൂറിയുടെ പരിഗണനയിലെത്തിയത്.

Content Highlights: KG George honoredwith Kerala Film Critics Award, Chalachithra Rathnam