കൊച്ചി: ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് സോണി ലിവില്‍ പുറത്തിറങ്ങിയ ചുരുളിഎന്ന സിനിമയിലെ ഭാഷാപ്രയോഗം അതിഭീകരമെന്ന് ഹൈക്കോടതി. ചിത്രത്തിലെ ദൃശ്യങ്ങള്‍ പരിശോധിച്ചശേഷം ജസ്റ്റിസ് എന്‍. നഗരേഷാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. സെന്‍സര്‍ ബോര്‍ഡ്, സിനിമയുടെ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി, സോണി പിക്‌ചേഴ്‌സ് എം.ഡി, നടന്മാരായ ചെമ്പന്‍ വിനോദ് ജോസ്, ജോജു ജോര്‍ജ്, ജാഫര്‍ ഇടുക്കി എന്നിവര്‍ക്കെതിരെ കോടതി നോട്ടീസും അയച്ചു.

അഭിഭാഷകയായ പെഗ്ഗി ഫെന്‍ ആണ് ഹൈക്കോടതിയെ സമീപിച്ചത്. പൊതു ധാര്‍മികതയ്ക്ക് ചേര്‍ത്ത അസഭ്യവാക്കുകള്‍ നിറഞ്ഞതാണ് ചിത്രമെന്നാണ് അവര്‍ ഹര്‍ജിയില്‍ പറഞ്ഞത്. സ്ത്രീകളുടേയും കുട്ടികളുടേയും മാന്യതയെ പ്രകോപിപ്പിക്കുന്നതാണ് സിനിമയിലെ ഭാഷയെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ചുരുളി ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ നിന്ന് നീക്കം ചെയ്യണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

സിനിമയുടെ റിലീസിന് അനുമതി നല്‍കിയതിലൂടെ സെന്‍സര്‍ ബോര്‍ഡ് ചട്ടങ്ങളും നിയന്ത്രണങ്ങളും ലംഘിച്ചുവെന്നും അത്തരം റിലീസ് ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരമുള്ള കുറ്റങ്ങള്‍ക്ക് വിധേയമാകുമെന്നും ഹര്‍ജിക്കാരി ആരോപിച്ചു. കോവിഡ് കാലമായതിനാല്‍ വീടുകളില്‍ കഴിയുന്ന കുട്ടികള്‍ ഇത്തരം ഉള്ളടക്കങ്ങളിലേക്കെത്താനുള്ള സാധ്യത കൂടുതലാണെന്നും ഹര്‍ജിക്കാരി ആരോപിക്കുന്നു.

കഴിഞ്ഞ മാസം 19-നാണ് സോണി ലിവില്‍ ചുരുളി റിലീസായത്. പ്രദര്‍ശനത്തിനെത്തിയതുമുതല്‍ ചിത്രത്തിലെ സംഭാഷണങ്ങളിലെ മോശം പ്രയോഗങ്ങള്‍ വ്യാപകമായ വിമര്‍ശനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവെച്ചിരുന്നു. ഇതോടെ സെന്‍സര്‍ ചെയ്ത പതിപ്പല്ല ഒ.ടി.ടിയില്‍ റിലീസ് ചെയ്തതെന്ന് സെന്‍സര്‍ബോര്‍ഡ് വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.

Content Highlights: kerala highcourt, churuli movie, lijo jose pellissery