പെൻഗ്വിൻ എന്ന തമിഴ് ചിത്രത്തിനുശേഷം കീർത്തി സുരേഷ് മുഖ്യവേഷത്തിലെത്തുന്ന തെലുങ്കുചിത്രം 'മിസ് ഇന്ത്യ' ഒടിടി റിലീസിനൊരുങ്ങുന്നു. നവംബർ 4-ന് നെറ്റ്ഫ്ളിക്സിലൂടെയാണ് ചിത്രം എത്തുന്നത്.  ചിത്രത്തിന്റെ ട്രെയിലർ  അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഏപ്രിൽ 17-ന് പുറത്തിറക്കാൻ തീരുമാനിച്ച ചിത്രം കൊറോണ വൈറസിനെത്തുടർന്ന് നീട്ടിവെക്കുകയായിരുന്നു. തുടർന്ന് ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യാൻ തീരുമാനിച്ചു. ജൂണിൽ പുറത്തിറങ്ങിയ പെൻഗ്വിൻ എന്ന തമിഴ്ചിത്രം ആമസോൺ പ്രൈമിലൂടെയാണ് റിലീസ് ചെയ്തത്.

ഇന്ത്യൻ തേയില വിദേശികൾക്ക് പരിചയപ്പെടുത്തുകയും വിൽക്കാൻ പദ്ധതിയിടുകയും ചെയ്യുന്ന ഒരു സംരംഭകയാണ് ചിത്രത്തിൽ കീർത്തി സുരേഷ് അവതരിപ്പിക്കുന്ന കഥാപാത്രം. സംരംഭകയെന്ന നിലയിൽ ജീവിതവിജയം നേടാൻ പരിശ്രമിക്കുകയും അതേത്തുടർന്ന് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളുമാണ് ചിത്രം പറയുന്നത്. നരേന്ദ്ര നാഥ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കീർത്തി സുരേഷിന് പുറമേ ജഗപതി ബാബു, നരേഷ്, നവീൻ ചന്ദ്ര, നദിയ മൊയ്തു, കമൽ കാമരാജു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Content highlights :keerthi suresh upcoming movie mis india trailer is released