ലയാളത്തിലല്ല, തമിഴിലാണ് ഇപ്പോള്‍ കീര്‍ത്തി സുരേഷ് താരം. പഴയകാല നടി സാവിത്രിയുടെ ജീവിതകഥ പറഞ്ഞ മഹാനടിയിലെ അഭിനയത്തിന്റെ പേരില്‍ അഭിനന്ദന പ്രവാഹമാണ് കീര്‍ത്തിക്ക്. എന്നാല്‍, മഹാനടി വെറുമൊരു അഭിനയപാഠമല്ല, ജീവിതപാഠം കൂടിയാണെന്ന് സാക്ഷ്യപ്പെടുത്തുകയാണ് കീര്‍ത്തി.

സാവിത്രിയായി അഭിനയിക്കുക എളുപ്പമായിരുന്നില്ല. ഹ്രസ്വമെങ്കിലും സംഭവബഹുലമായിരുന്നു അവരുടെ ജീവിതം. അതില്‍ നിന്നാണ് കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും വില ഞാന്‍ അറിയുന്നത്. ഈ വിനോദ വ്യവസായത്തിന് നിങ്ങളെ ഒറ്റപ്പെടുത്താന്‍ കഴിയും. കരിയറിലും ജീവിതത്തിലും സാവിത്രി ചെയ്ത തെറ്റുകള്‍ ഞാനൊരിക്കലും എന്റെ ജീവിതത്തില്‍ ആവര്‍ത്തിക്കില്ല-ഒരു വിനോദ വെബ്സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ കീര്‍ത്തി പറഞ്ഞു.

പ്രേക്ഷകര്‍ സിനിമയെ നല്ല നിലയിലാണ് സ്വീകരിച്ചത്. ആളുകള്‍ ഞങ്ങളെ അഭിനന്ദനങ്ങള്‍ കൊണ്ട് പൊതിയുകയാണ്. പ്രത്യേകതയുള്ള ഒരു വേഷമാണ് ചെയ്യാന്‍ പോകുന്നതെന്ന് കരാര്‍ ഒപ്പിടുമ്പോള്‍ തന്നെ അറിയാമായിരുന്നു. ഇത്തരമൊരു അനുഭവം ഇതാദ്യമായിട്ടായിരുന്നു എനിക്ക്.

അഭിനയിക്കും മുന്‍പ് തന്നെ എനിക്ക് സാവിത്രിയെക്കുറിച്ച് അറിയാമായിരുന്നു. തെന്നിന്ത്യന്‍ സിനിമയില്‍ അവരെക്കുറിച്ച് അറിയാത്തവര്‍ ആരാണുള്ളത്. അവരൊരു ഇതിഹാസം തന്നെയാണ്. ആ റോള്‍ ലഭിച്ചതില്‍ അങ്ങേയറ്റം അഭിമാനമുണ്ട് എനിക്ക്.

അവരുടെ ജീവിതത്തിലെ കറുത്ത കാലം, പ്രത്യേകിച്ച് മദ്യപിച്ചിരുന്ന കാലം പുനരവതരിപ്പിക്കാന്‍ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നില്ല. പക്ഷേ, ധനുഷിനൊപ്പം തൊടരി കണ്ടതിനാല്‍ സംവിധായകന് ആ കാര്യത്തില്‍ ഉറപ്പുണ്ടായിരുന്നു.

അവരുടെ സിനിമയുടെ ഭാഗങ്ങളെല്ലാം അദ്ദേഹം എന്നെ കാണിച്ചു. സന്തോഷം, നാടകീയം, തമാശ എന്നിങ്ങനെ മൂന്നായി തരംതിരിച്ചാണ് എന്നെ ആ ദൃശ്യങ്ങള്‍ കാണിച്ചത്. സാവിത്രിയാകുമ്പോള്‍ എന്തൊക്കെ ചെയ്യരുതെന്നാണ് ഞാന്‍ പഠിച്ചത്. ഞാന്‍ അവരെ അനുകരിക്കുകയല്ല, എന്റേതായ രീതിയില്‍ അഭിനയിക്കുകയായിരുന്നു-കീര്‍ത്തി പറഞ്ഞു.

ക്യാമറാ ആംഗിളിനെയും തിരക്കഥയെക്കുറിച്ചുമെല്ലാം ഒന്നുമറിയാതെയാണ് ബാലതാരമായി ഞാന്‍ മലയാളത്തില്‍ അഭിനയിച്ചുതുടങ്ങിയത്. അച്ഛന്‍ നിര്‍മാതാവയതുകൊണ്ട് ഞാന്‍ വളരെ അനായാസമായാണ് അഭിനയിച്ചത്.

പിന്നീട് ഞാന്‍ സ്വയം പടിപടിയായാണ് എന്റെ കരിയര്‍ പടുത്തുയര്‍ത്തിയത്. അങ്ങനെയാണ് ഇവിടെ എത്തിപ്പെട്ടത്-കീര്‍ത്തി പറഞ്ഞു.

Content Highlights: keerthy suresh mahanati savithri dulquer Salmaan nag ashwin gemini Ganeshan Actress