കീർത്തി സുരേഷ് | ഫോട്ടോ: www.facebook.com/ActressKeerthySuresh/photos
രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം തെലുങ്ക് സൂപ്പർസ്റ്റാർ മഹേഷ് ബാബു നായകനായി തിയേറ്ററുകളിലെത്തുന്ന ചിത്രമാണ് സർക്കാരു വാരി പാട്ട. പരശുറാം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കീർത്തി സുരേഷാണ് നായിക. ചിത്രീകരണത്തിനിടെ തനിക്ക് പിണഞ്ഞ അബദ്ധം തുറന്നുപറഞ്ഞിരിക്കുകയാണ് കീർത്തി. മഹേഷ് ബാബുവിനെ അബദ്ധത്തിൽ തല്ലി എന്നാണവർ വെളിപ്പെടുത്തിയത്.
'സർക്കാരു വാരി പാട്ട'യുടെ പ്രചാരണത്തോടനുബന്ധിച്ച് നടന്ന ഒരു അഭിമുഖത്തിലാണ് കീർത്തി സുരേഷ് ഇക്കാര്യം തുറന്നുപറഞ്ഞത്. സിനിമയുടെ അവസാന ഗാനത്തിന്റെ ചിത്രീകരണത്തിനിടയിലായിരുന്നു സംഭവം. ഷൂട്ടിങ്ങിനിടെ തന്റെ ഭാഗത്തുനിന്നും ഏകോപനത്തിൽ ചെറിയ പിഴവുപറ്റി. മൂന്ന് പ്രാവശ്യമാണ് അദ്ദേഹത്തിന്റെ മുഖത്തടിച്ചത്. തെറ്റുമനസിലാക്കി അപ്പോൾത്തന്നെ മാപ്പുചോദിച്ചു. വളരെ കൂളായാണ് മഹേഷ് ബാബു പെരുമാറിയതെന്നും അവർ പറഞ്ഞു.
പരശുറാം പെട്ല കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്സ്, ജിഎംബി എന്റർടൈൻമെന്റ്, 14 റീൽസ് പ്ലസ് എന്നിവയുടെ ബാനറിൽ നവീൻ യെർനേനി, വൈ. രവിശങ്കർ, രാം അജന്ത, ഗോപിചന്ദ് അജന്ത എന്നിവർ സംയുക്തമായി ചേർന്നാണ് നിർമിക്കുന്നത്. കേരളമുൾപ്പെടെ തെന്നിന്ത്യയിൽ മൊത്തം വൻ വിജയമായി മാറിയ 'ഗീതാ ഗോവിന്ദം' എന്ന ചിത്രത്തിന് ശേഷം പരശുറാം സംവിധാനം ചെയ്യുന്ന ചിത്രമാണ് സർക്കാരു വാരി പാട്ട.
ടോവിനോ തോമസ് നായകനാവുന്ന വാശിയാണ് കീർത്തിയുടേതായി വരാനിരിക്കുന്ന മലയാള ചിത്രം. സെൽവരാഘവൻ നായകനാവുന്ന സാണി കായിധം ആണ് പുറത്തിറങ്ങാനിരിക്കുന്ന തമിഴ് ചിത്രം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..