തെന്നിന്ത്യയുടെ സ്വന്തം ഇളയദളപതി വിജയുടെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം.  സിനമാപ്രവർത്തകരും ആരാധകരുമുൾപ്പടെ നിരവധി പേരാണ് താരത്തിന് ജന്മദിനാശംസകൾ നേർന്നത്. ഇപ്പോഴിതാ വ്യത്യസ്തമായ ജന്മദിനാശംസ കൊണ്ട് കയ്യടി വാങ്ങുകയാണ് തെന്നിന്ത്യൻ നടി കീർത്തി സുരേഷ്. 

വിജയ് ​നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം 'മാസ്റ്ററിലെ കുട്ടി സ്റ്റോറി എന്ന ​ഗാനം വയലിനിൽ അനായാസം വായിച്ചാണ്  കീർത്തി ഇളയദളപതിക്ക് ആദരം അർപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് വിജയ് തന്നെയാണ്. അരുണ്‍ രാജാ കാമരാജിന്റേത് വരികള്‍.

ലോക്ക്ഡൗൺ കാലത്ത് പണ്ടത്തെ കഴിവുകൾ പുറത്തെടുക്കുകയാണ് എന്ന ക്യാപ്ഷനോടെ വയലിൻ വായിക്കുന്ന ചിത്രം നേരത്തെ കീർത്തി പങ്കുവച്ചിരുന്നു.

 ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന പുതിയ വിജയ് ചിത്രമാണ് 'മാസ്റ്റര്‍'. കാര്‍ത്തി കേന്ദ്രകഥാപാത്രമായെത്തിയ കൈദിയ്ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു പ്രൊഫസറുടെ റോളാണ് വിജയ്യുടേത് എന്നാണ് സൂചനകള്‍. വിജയ് സേതുപതിയാണ് ചിത്രത്തിലെ വില്ലന്‍. മാളവിക മോഹനനും ആന്‍ഡ്രിയയും നായികമാരാകും.

ശന്തനു ഭാഗ്യരാജ്, അര്‍ജുന്‍ ദാസ്, ശ്രീനാഥ്, സഞ്ജീവ് ഗൗരി കൃഷ്ണന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു. സത്യന്‍ സൂര്യനാണ് ഛായാഗ്രഹണം. സേവ്യര്‍ ബ്രിട്ടോ ആണ് നിര്‍മാണം. 

Content Highlights : Keerthi suresh tribute to vijay plays Kutti Story Song In violin