ഹൈദരാബാദ് : തെലങ്കാനയിലും ആന്ധ്രയിലും രക്ഷാബന്ധൻ ആഘോഷിച്ചു. സൂപ്പർതാരം ചിരഞ്ജീവിയുടെ പിറന്നാൾ ദിനവും ഓഗസ്റ്റ് 22-നാണ്. ‘ഭോലാ ശങ്കർ’, ‘ആചാര്യ’, ലൂസിഫർ എന്ന മലയാളം ചിത്രത്തിന്റെ റീമേക്കായ ‘ഗോഡ് ഫാദർ’ തുടങ്ങിയ ബിഗ് ബജറ്റ് ചിത്രങ്ങളിൽ അഭിനയിക്കുകയാണ് ചിരഞ്ജീവി.

‘ഭോലാ ശങ്കറി’ൽ ചിരഞ്ജീവിയോടൊപ്പം അഭിനയിക്കുന്ന മലയാളിയും തെലുങ്ക്‌ സിനിമയിലെ നായികയുമായ കീർത്തി സുരേഷ് ചിരഞ്ജീവിക്ക്‌ രക്ഷാബന്ധൻ കെട്ടി ജന്മദിനാശംസകൾ നേർന്നു. തിരിച്ച് കീർത്തിക്ക്‌ മധുരം നൽകി.

66 വയസ്സ് പൂർത്തിയാക്കിയ ചിരഞ്ജീവിക്ക് നടൻമാരായ മമ്മൂട്ടിയും മോഹൻലാലും ആശംസകൾ നേർന്നു. ഇരു സംസ്ഥാനങ്ങളിലേയും ഗവർണർമാരും മുഖ്യമന്ത്രിമാരായ കെ. ചന്ദ്രശേഖർ റാവുവും ജഗൻ മോഹൻ റെഡ്ഡിയും ആശംസകൾ നേർന്നു. സാഹോദര്യത്തിന്റെയും സ്ത്രീ സുരക്ഷിതത്വത്തിന്റെയും പ്രതീകമാണ് രക്ഷാബന്ധൻ ചടങ്ങെന്ന് മുഖ്യമന്ത്രിമാർ ആശംസാ സന്ദേശത്തിൽ പറഞ്ഞു.

ചിരഞ്ജീവിക്ക് രക്ഷാബന്ധൻ കെട്ടി കീർത്തി സുരേഷ്

വിജയവാഡയിൽ മേയർ, വനിതാ മന്ത്രിമാർ, എം.എൽ.എ.മാർ, മറ്റ് വനിതാ ജനപ്രതിനിധികൾ എന്നിവർ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിക്ക് രക്ഷാബന്ധൻ അണിയിച്ചു. ഹൈദരാബാദിൽ വ്യവസായ, ഐ.ടി., നഗരവികസന മന്ത്രി കെ.ടി. രാമറാവുവിന് സഹോദരി കവിതയും മറ്റു വനിതാ നേതാക്കളും രക്ഷാബന്ധൻ കെട്ടി. ഹൈദരാബാദിൽ മലയാളികളും രക്ഷാബന്ധൻ ആഘോഷങ്ങളിൽ പങ്കെടുത്തു.

Content Highlights: keerthi suresh tied raksha bandhan to chiranjeevi bhola shankar movie