ലൗ ജിഹാദ് പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ച് ബോളിവുഡ് ചിത്രം 'കേദാര്‍നാഥ്' ഉത്തരാഖണ്ഡിലെ ഏഴു ജില്ലകളില്‍  പ്രദര്‍ശിപ്പിക്കുന്നത് നിരോധിച്ചു.സുശാന്ത് സിംഗ് രജ്പുത്തും സാറാ അലി ഖാനുമാണ് ചിത്രത്തില്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കേദാര്‍നാഥ് ക്ഷേത്രത്തിലെ ഭക്തരെ സഹായിക്കുന്ന മുസ്ലീം യുവാവും അവിടെ ദര്‍ശനത്തിന് എത്തുന്ന യുവതിയും തമ്മിലുള്ള പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം. 2015ലെ ഉത്തരാഖണ്ഡ് പ്രളയം ചിത്രത്തിന്റെ പ്രധാന കഥാതന്തുവാണ്

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി സംസ്ഥാന ടൂറിസം മന്ത്രിയുടെ നേതൃത്വത്തില്‍ ഒരു സമിതിയെ നിയോഗിക്കുകയും ഇവര്‍ ചിത്രം കാണുകയും ചെയ്തതിനു ശേഷമാണ് ഈ നടപടി. തീരുമാനം വിശദീകരിച്ച് സംസ്ഥാന ടൂറിസം മന്ത്രി സത്പാല്‍ മഹാരാജ് രംഗത്ത് വന്നു, ''ഞങ്ങള്‍ ചിത്രം കണ്ടു. ഒരു കലാരൂപത്തിനും നിരോധനം വേണ്ട എന്ന് തന്നെയാണ് നിലപാട്. പക്ഷെ ക്രമസമാധാന നിലയും പരിഗണിക്കേണ്ടതുണ്ട്'' - മന്ത്രി പറഞ്ഞു.

സിനിമ പ്രദര്‍ശിപ്പിച്ചാല്‍ പ്രശ്‌നം ഉണ്ടാകുമോയെന്ന് പരിശോധിക്കാന്‍ മുഖ്യമന്ത്രി 13 ജില്ല മജിസ്‌ട്രേറ്റുമാരോട് ആവശ്യപ്പെട്ടിരുന്നു. ഇവരുടെ റിപ്പോര്‍ട്ട് പ്രകാരമാണ് 7 ജില്ലകളില്‍ ചിത്രത്തിന് നിരോധനം ഏര്‍പ്പെടുത്തിയത്.

അഭിഷേക് കപൂര്‍ സംവിധാനം ചെയ്യുന്ന 'കേദാര്‍നാഥിന്റെ' ടീസര്‍ പുറത്ത് വന്നതു മുതല്‍ തന്നെ ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നുവെന്ന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു

ContentHighlights: kedharnath movie, love jihad issue, utharakhand,ban to love jihad movie,sara ali khan, sushanth singh rajputh