സാമൂഹിക മാധ്യമങ്ങളിലെ വിവാദ താരങ്ങളാണ് ബോളിവുഡ് നടി കങ്കണ റണാവത്തും സഹോദരി രംഗോലിയും. വിദ്വേഷം പ്രചരിപ്പിക്കുന്നതിനും വ്യക്തിഹത്യയ്ക്കും വേണ്ടിയാണ് കങ്കണയുടെ സഹോദരിയും മാനേജരുമായ രം​ഗോലി ട്വിറ്റർ ഉപയോ​ഗിക്കുന്നത് എന്നാണ് ഒരു വിഭാഗത്തിന്റെ പ്രധാന ആരോപണം. 

ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ കൊറോണ വൈറസ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായെത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരകളായ സംഭവത്തില്‍ വിദ്വേഷവും വൈരാഗ്യവും കലര്‍ത്തുന്ന ട്വീറ്റുകള്‍ പ്രചരിപ്പിച്ചതിന് രംഗോലി ചന്ദേലിന്റെ അക്കൗണ്ട് ട്വിറ്റര്‍ സസ്‌പെന്റ് ചെയ്തിരുന്നു. ഇതിനെതിരേ കങ്കണ രം​ഗത്ത് വന്നിരുന്നു. 

രാജ്യത്ത് ട്വിറ്റര്‍ അടച്ചു പൂട്ടണമെന്നും സോഷ്യല്‍മീഡിയയില്‍ സര്‍ക്കാര്‍ മറ്റൊരു ബദല്‍ സംവിധാനം കാണണമെന്നുമാണ് കങ്കണ പ്രതികരിച്ചത്. 

വീഡിയോയില്‍ കങ്കണ ഹൃത്വിക് റോഷന്റെ മുൻഭാര്യ സൂസെന്‍ ഖാന്റെ സഹോദരി, ജ്വല്ലറി ഡിസൈനര്‍ ഫറ ഖാന്‍ അലി, റീമ കഗ്ട്ടി എന്നിവരെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. താനും തന്റെ സഹോദരിയും ഇന്ത്യയില്‍ വര്‍ഗീയത സൃഷ്ടിക്കുന്നുവെന്ന പേരില്‍ വ്യാജ പ്രചരണങ്ങളുണ്ടാക്കിയത് ഇവരാണെന്നും കങ്കണ ആരോപിച്ചു. മൊറാദാബാദില്‍ അന്ന് ഡോക്ടര്‍മാരെയും പോലീസുകാരെയും ആക്രമിച്ചവരെ കൊല്ലണമെന്നാണ് രംഗോലി ട്വീറ്റ് ചെയ്തതെന്നും അതല്ലാതെ പ്രത്യേക സമുദായത്തെ മുഴുവന്‍ ഇല്ലാതാക്കണമെന്നൊന്നും പറഞ്ഞില്ലെന്നും കങ്കണ വീഡിയോയില്‍ പറഞ്ഞു.

ഇപ്പോൾ കങ്കണയ്ക്കെതിരേ രം​ഗത്ത് വന്നിരിക്കുകയാണ് നടി കവിത കൗശിക്. ഹൃത്വിക് റോഷനോട് തനിക്ക് വല്ലാത ബഹുമാനവും സഹാനുഭൂതിയും തോന്നുന്നുവെന്ന് കവിത കൗശിക് ട്വീറ്റ് ചെയ്തു. മറ്റൊരാളുടെ ട്വീറ്റ് പങ്കുവച്ചാണ് കവിത ഇങ്ങനെ കുറിച്ചത്.

കങ്കണയുടെയും സഹോദരിയുടെയും വിചാരം ഇന്ത്യ അവരുടെ മുത്തച്ഛന്റെ സ്വത്താണെന്നും രം​ഗോലി 2014 ൽ തിരഞ്ഞെടുപ്പ് വേണ്ടെന്ന് വയ്ക്കണമെന്നാണ് ആ​​​ഗ്രഹമെന്നും അതേ സമയത്ത് കങ്കണയ്ക്ക് ട്വിറ്റർ തന്നെ നിരോധിക്കണമെന്നാണ് ആ​ഗ്രഹമെന്നും അയാൾ കുറിച്ചു. ട്വീറ്റിന് താഴെ ഹൃത്വികിന്റെ ക്ഷമശക്തിയെയും ആത്മസംയമനത്തെയും പ്രശംസിച്ച് ഒട്ടനവധിപേർ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്.

കങ്കണ-ഹൃത്വിക് പോരിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. തന്റെ ഇമെയില്‍ സന്ദേശങ്ങളും സ്വകാര്യ ചിത്രങ്ങളും ഹൃത്വിക് ചോര്‍ത്തിയെന്നായിരുന്നു കങ്കണയുടെ ആരോപണം. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി. തന്റെ പേരുപയോഗിച്ച് കങ്കണയെ ആരെങ്കിലും കബളിപ്പിച്ചുവെങ്കില്‍ അവര്‍ക്കെതിരേ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൃത്വികും പോലീസിനെ സമീപിച്ചു. ഹൃത്വിക് അയച്ച സന്ദേശങ്ങളടങ്ങിയ ലാപ്പ് ടോപ്പും മൊബൈല്‍ ഫോണും പോലീസില്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടുവെങ്കിലും കങ്കണ അതിന് തയ്യാറായില്ല. തുടര്‍ന്ന് ഹൃത്വികിനെതിരേ തെളിവ് ലഭിക്കാത്തതിനാല്‍ പോലീസ് കേസ് അവസാനിപ്പിച്ചു. പിന്നീട് കങ്കണ പല പൊതുവേദികളിലും അഭിമുഖങ്ങളിലും ഹൃത്വിക്കിനെതിരേ രംഗത്തുവന്നു. 

കങ്കണയുടെ സഹോദരി രംഗോലി ഹൃത്വികിനെതിരേ ഒരു ചിത്രവുമായി രംഗത്ത് വന്നിരുന്നു. ഹൃത്വിക്കും കങ്കണയും ചേര്‍ന്നുനില്‍ക്കുന്ന ചിത്രമായിരുന്നു അത്. കങ്കണയുമായി തനിക്ക് പ്രണയമില്ലായിരുന്നുവെന്ന് വെളിപ്പെടുത്തി ഹൃത്വിക് രംഗത്ത് വന്നതിന് തൊട്ടുപിന്നാലെയായിരുന്നു ആ ചിത്രം പുറത്തുവിട്ടത്. എന്നാല്‍ ആ ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണെന്ന് പറഞ്ഞ് ഹൃത്വിക്കിന്റെ വക്താവ് രംഗത്ത് വന്നു. ഒരു പാര്‍ട്ടിയില്‍ എടുത്ത ചിത്രമായിരുന്നു അത്. ഹൃത്വികിന്റെ മുന്‍ഭാര്യ സൂസാനെയടക്കം ഒരുപാട് ആളുകള്‍ ആ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. ചിത്രത്തില്‍ നിന്ന് മറ്റുള്ളവരെ ഒഴിവാക്കി ഹൃത്വികിന് തൊട്ടടുത്ത് നിന്നയാളുടെ കൈ ഫോട്ടോഷോപ്പ് ചെയ്ത് മായ്ച്ചുകളഞ്ഞായിരുന്നു കങ്കണ ചിത്രം പ്രസിദ്ധീകരിച്ചത്.  ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലും ഹൃത്വിക് കൂടുതല്‍ ചിത്രങ്ങളുമായി രംഗത്തുവന്നിരുന്നു.

Content Highlights: Actress Kavita Kaushik Supports Hrithik Roshan, Kangana kangana ranaut rangoli chandel twitter suspension, Controversy