രാജസ്ഥാനില്‍ നടക്കുന്ന കത്രീന കൈഫിന്റെയും വിക്കി കൗശാലിന്റെയും വിവാഹം കോവിഡ് പ്രൊട്ടോക്കോള്‍ പാലിച്ച്. വാര്‍ത്താഏജന്‍സിയായ പി.ടി.ഐ. ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തരിക്കുന്നത്. രാജസ്ഥാനിലെ സവായി മധോപുരിലെ സിക്‌സ് സെന്‍സസ് റിസോര്‍ട്ടിലാണ് വിവാഹം. 

ഡിസംബര്‍ ഏഴിന് ആരംഭിക്കുന്ന വിവാഹ ചടങ്ങുകള്‍ മൂന്നുദിവസം നീണ്ടുനില്‍ക്കും. ഡിസംബര്‍ ഏഴിന് സംഗീതും എട്ടിന് മെഹന്ദിയും ഒമ്പതിന് വിവാഹവും. 

വിവാഹം നടത്തുന്ന ഈവന്റ് മാനേജ്‌മെന്റ് കമ്പനി അധികൃതരുമായും ഹോട്ടല്‍ അധികൃതരുമായും കഴിഞ്ഞ ആഴ്ച ജില്ലാ ഭരണകൂടം കൂടിക്കാഴ്ച നടത്തിയിരുന്നു. ജില്ലാ കളക്ടര്‍ രാജേന്ദ്ര കിഷന്‍, പോലീസ് സൂപ്രണ്ട് രാജേഷ് സിങ്, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് സുരാജ് സിങ് നേഗി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. 

അതിഥികള്‍ കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമായും സ്വീകരിച്ചിരിക്കണമെന്ന് നിര്‍ദേശം കൊടുത്തിട്ടുണ്ടെന്നും അല്ലാത്തവര്‍ ആര്‍ടിപിസിആര്‍ റിസള്‍ട്ട് കൊണ്ടുവരണമെന്ന് നിര്‍ദേശിച്ചിട്ടുളളതായും കളക്ടര്‍ രാജേന്ദ്ര കിഷന്‍ അറിയിച്ചു. 120 അതിഥികള്‍ മൂന്നുദിവസങ്ങളിലായി നടക്കുന്ന വിവാഹത്തില്‍ പങ്കെടുക്കുമെന്നാണ് തങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന വിവരമെന്നും അധികൃതര്‍ വ്യക്തമാക്കി. 

ഷാരൂഖ് ഖാന്‍ ഉള്‍പ്പടെ നിരവധി പ്രമുഖര്‍ വിവാഹത്തിനെത്തുമാണ് വാര്‍ത്തകള്‍. അതേസമയം കത്രീനയ്ക്ക് ഏറെ അടുപ്പമുണ്ടായിരുന്ന സല്‍മാന്‍ ഖാനെയും കുടുംബത്തെയും വിവാഹത്തിന് ക്ഷണിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

 

Content Highlights: Katrina Kaif- Vicky Kaushal Wedding ,Those Not Vaccinated Will Need RT-PCR Test