ബോളിവുഡില്‍ ഒരു കാലത്ത് ചൂടുപിടിച്ച വാര്‍ത്തയായിരുന്നു കത്രീന കൈഫ് - റണ്‍ബീര്‍ കപൂര്‍ പ്രണയം. തന്റെ ആദ്യ ചിത്രമായ സാവരിയ പുറത്തിറങ്ങിയതിന് ശേഷം റണ്‍ബീര്‍ നടി ദീപിക പദുക്കോണുമായി പ്രണയത്തിലായിരുന്നു. ഓം ശാന്തി ഓമിലൂടെ ദീപികയും ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച സമയത്താണ് ഇരുവരും പ്രണയബദ്ധരാകുന്നത്. ആ ബന്ധം തകര്‍ന്നതിന് ശേഷമാണ് കത്രീന-റണ്‍ബീര്‍ പ്രണയം വാര്‍ത്തകളിലിടം പിടിക്കുന്നത്. 2013 ല്‍ തുടങ്ങിയ ബന്ധം 2016 ല്‍ വേര്‍പിരിഞ്ഞു. പ്രണയത്തകര്‍ച്ചയില്‍ നിന്ന് താന്‍ ഒരുപാട് പാഠങ്ങള്‍ പഠിച്ചുവെന്ന് കത്രീന. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കത്രീനയുടെ വെളിപ്പെടുത്തല്‍.

'കരിയര്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ എന്റെ വ്യക്തി ബന്ധങ്ങളും വലിയ ചര്‍ച്ചയായിട്ടുണ്ട്. മറ്റൊരാളില്‍ നമ്മുടെ ശ്രദ്ധ കേന്ദ്രീകരിച്ച് ജീവിക്കുമ്പോള്‍ നമ്മള്‍ സ്വയം നോക്കാന്‍ മറന്നു പോകും. ജീവിതത്തിന്റെ ഉത്തരവാദിത്തം സ്വയം ചുമലിലേല്‍ക്കുമ്പോള്‍ അതിന് മാറ്റം വരും. 

ഇപ്പോഴാണ് ഞാന്‍ എന്നെ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. എനിക്ക് എന്നെക്കുറിച്ച് തന്നെ ഒന്നും അറിയില്ല എന്ന് മനസ്സിലായത് ഈ സാഹചര്യത്തിലാണ്. ഇന്ന് എനിക്ക് സംഭവിച്ചതെല്ലാം വലിയ അനുഗ്രഹമായി തോന്നുന്നു'- കത്രീന പറഞ്ഞു.

പ്രണയ തകര്‍ച്ച ഒരിക്കലും കത്രീനയുടെയും റണ്‍ബീറിന്റെയും സിനിമാ ജീവിതത്തെ ബാധിച്ചില്ല. അനുരാഗ് ബസു സംവിധാനം ചെയ്ത ജഗ്ഗാ ജാസൂസില്‍ ഇരുവരും പ്രധാനവേഷങ്ങളിലെത്തി. 2017 ലായിരുന്നു ചിത്രം പുറത്തിറങ്ങിയത്. നടി ആലിയ ഭട്ടുമായി പ്രണയത്തിലാണ് റണ്‍ബീറിപ്പോള്‍.

Content Highlights: katrina kaif on break up with ranbeer kapoor ranbir movies deepika padukone