കത്രീന കൈഫ്, വിക്കി കൗശൽ | ഫോട്ടോ: എ.എൻ.ഐ
മുംബൈ: ബോളിവുഡ് താരങ്ങളായ കത്രീന കൈഫിന്റെയും വിക്കി കൗശലിന്റെ വിവാഹം വ്യാഴാഴ്ച രാജസ്ഥാനിൽ നടക്കും. തിങ്കളാഴ്ച രാത്രിയാണ് മുംബൈയിൽനിന്ന് വിക്കിയും കത്രീനയും രാജസ്ഥാനിലെത്തിയത്. മൂന്നുദിവസം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾക്ക് ചൊവ്വാഴ്ചയാണ് തുടക്കമായത്. സവായ് മധോപുരിലെ ചൗത് കാ ബർവാര പട്ടണത്തിലെ സിക്സ് സെൻസസ് ഫോർട്ട് ബർവാരയാണ് ഈ താരവിവാഹത്തിന് വേദിയാവുന്നത്. രാജസ്ഥാനി രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള 700 വർഷത്തോളം പഴക്കമുള്ള കൊട്ടാരമാണ് സിക്സ് സെൻസസ് ഫോർട്ട് ബർവാര. പതിനാലാം നൂറ്റാണ്ടിൽ പണിത ഈ കോട്ട ഇന്ന് ആഡംബരസൗകര്യങ്ങളുള്ള റിസോർട്ടാണ്.
48 മുറികളും സ്യൂട്ട് റൂമുകളുമുള്ള ഈ റിസോർട്ടിൽ ഒരു രാത്രി താമസിക്കണമെങ്കിൽ 75,000 രൂപ മുതലാണ് മുറിവാടക. താരവിവാഹത്തിന്റെ വീഡിയോ സംപ്രേഷണാവകാശം ആമസോൺ പ്രൈം വാങ്ങി. 80 കോടി രൂപയ്ക്കാണ് ആമസോൺ സംപ്രേഷണാവകാശം വാങ്ങിയതെന്നാണ് റിപ്പോർട്ട്.
ഹോളിവുഡിലും മറ്റും ഇത്തരത്തിൽ താരവിവാഹങ്ങളുടെ സംപ്രേഷണാവകാശം ഒ.ടി.ടി. പ്ലാറ്റ്ഫോമുകൾ സ്വന്തമാക്കാറുണ്ട്. ഇന്ത്യയിലും അത്തരമൊരു രീതി കൊണ്ടുവരാൻ തുടക്കംകുറിക്കുകയാണ് ആമസോൺ പ്രൈം. 2019-ൽ പ്രിയങ്ക ചോപ്ര-നിക്ക് ജൊനാസ് വിവാഹവും ഇത്തരത്തിൽ ഒ.ടി.ടി. പ്ലാറ്റ്ഫോമിലൂടെ സംപ്രേഷണം ചെയ്തിരുന്നു. വിവാഹച്ചടങ്ങിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുപോവാതിരിക്കാൻ കനത്തസുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
ചൊവ്വാഴ്ച മെഹന്ദി ചടങ്ങും ബുധനാഴ്ച രാത്രി സംഗീതവിരുന്നുമുണ്ടായി. ബോളിവുഡ് താരങ്ങൾ ഉൾപ്പെടെ ആകെ 120 പേർക്കുമാത്രമാണ് ക്ഷണമുള്ളത്. ഷാരൂഖ് ഖാൻ വിവാഹത്തിൽ പങ്കെടുക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
Content Highlights: katrina kaif and vicky kaushal, celebrity wedding
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..