ബോളിവുഡ് താരങ്ങളായ കത്രീന കൈഫും വിക്കി കൗശലും വിവാഹിതരാകുന്നു. ഡിസംബറിലാണ് വിവാഹമെന്ന് ഇ.ടി ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

രാജസ്ഥാനിലെ സിക്‌സ് സെന്‍സെസ് ഫോര്‍ട്ട് ബര്‍വാരയാണ് വിവാഹവേദി. വിവാഹത്തിന്റെ ഒരുക്കങ്ങള്‍ക്കായി കത്രീനയുടെ മാതാവ് സൂസാനെയും സഹോദരി ഇസബെല്ലയും മുംബൈയിലെത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വിവാഹത്തിനായുള്ള വസ്ത്രങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നത് സബ്യസാചിയാണ്. സൂസാനെയും ഇസബെല്ലയും സബ്യസാചിയുടെ ഡിസൈനിങ് സ്റ്റുഡിയോയില്‍ സന്ദര്‍ശനം നടത്തിയ ചിത്രങ്ങളും ഇതോടൊപ്പം പ്രചരിക്കുന്നുണ്ട്.

കത്രീനയും വിക്കിയും നിലവില്‍  പുതിയ സിനിമകളുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട തിരക്കിലാണ്. രണ്ടുവര്‍ഷത്തിലേറെയായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളുണ്ടെങ്കിലും ഇരുവരും സ്ഥിരീകരിച്ചിട്ടില്ല. പൊതുചടങ്ങുകളിലും മറ്റും വിക്കിയും കത്രീനയും ഒരുമിച്ചെത്താന്‍ തുടങ്ങിയപ്പോഴാണ് ഗോസിപ്പുകള്‍ പൊട്ടിപ്പുറപ്പെട്ടത്.

Content Highlights: Katrina Kaif and Vicky Kaushal's marriage to take place at Rajasthan fort,Says Report, star wedding