കേറ്റ് വിൻസ്ലെറ്റ്, ടോം ക്രൂയിസ്
വെള്ളത്തിനടിയിലെ ചിത്രീകരണത്തിൽ ടോം ക്രൂസിന്റെ റെക്കോഡ് തകർത്ത് കേറ്റ് വിന്‍സ്ലെറ്റ്. ഏറ്റവും അധിക നേരം വെള്ളത്തിനടിയിൽ ശ്വാസം വിടാതെ നിന്ന റോക്കോഡാണ് കേറ്റ് തകർത്തത്. അവതാർ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിന്റെ ഭാഗമായി ഏകദേശം 7 മിനിറ്റ് 14 സെക്കന്റാണ് കേറ്റ് ശ്വാസം വിടാതെ വെള്ളത്തിൽ മുങ്ങി കിടന്നത്. മിഷൻ ഇംപോസിബിൾ റഗ് നേഷന്റെ ചിത്രീകരണത്തിന്റെ ഭാഗമായി 6 മിനിറ്റിലേറെ ടോം ക്രൂസ് വെള്ളത്തിൽ മുങ്ങിയിരുന്നു. ഹോളിവുഡ് സിനിമയിലെ സർവ്വകാല റെക്കോഡായിരുന്നു ഇത്.
അത്തരത്തിൽ ഒരു റെക്കോഡ് ഉണ്ടായിരുന്നത് പോലും തനിക്കറിയില്ലായിരുന്നുവെന്ന് കേറ്റ് പറയുന്നു. "ഇത്രയും സമയം ശ്വാസം വിടാതെ പിടിച്ചു നിൽക്കുന്നത് എന്നെ സംബന്ധിച്ച് അസാധ്യവുമായിരുന്നു. എന്നാൽ എങ്ങനെയോ അത് ചെയ്തു. ''7 മിനിറ്റിലേറെ വെള്ളത്തിൽ മുങ്ങി കിടന്നുവല്ലേ, അതി ഗംഭീരം'' എന്ന് ആളുകൾ പറഞ്ഞപ്പോഴാണ് ഞാൻ തന്നെ ചിന്തിക്കുന്നത്. ഇനി ഒരിക്കൽ കൂടി എനിക്ക് അങ്ങനെ സാധിക്കുമെന്ന് തോന്നുന്നില്ല"- കേറ്റ് പറയുന്നു.
അതേസമയം, ജയിംസ് കാമറൂൺ സംവിധാനം ചെയ്യുന്ന അവതാർ 2-വിന്റെയും 3-യുടേയും ചിത്രീകരണം പൂർത്തിയായി. അവതാർ 2-ന്റെ കഥ പൂർണമായും ജേക്കിനെയും നെയിത്രിയെയും കേന്ദ്രീകരിച്ചായിരിക്കുമെന്നാണ് കാമറൂൺ പറയുന്നത്. നെയിത്രിയെ വിവാഹം കഴിക്കുന്ന ജേക്ക് ഗോത്രത്തലവനാകുന്നതിലൂടെ കഥ പുരോഗമിക്കുമെന്നാണ് സൂചന. പൻഡോറയിലെ ജലാശയങ്ങൾക്കുള്ളിലൂടെ ജേക്കും നെയിത്രിയും നടത്തുന്ന സാഹസികയാത്രകൾ കൊണ്ട് അവതാർ 2 കാഴ്ചയുടെ വിസ്മയലോകം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1832 കോടി രൂപയാണ് നിർമാണ ചെലവ്. മൂന്നാം ഭാഗത്തിന് 7500 കോടിയോളമാണ് മുതൽ മുടക്ക്. 20th സെഞ്ചുറി സ്റ്റുഡിയോസും ലെെറ്റ് സ്റ്റോം എന്റര്‍ടെയ്മെന്റും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
മനുഷ്യരും പണ്ടോറയിലെ നവി വംശക്കാരും തമ്മിലുള്ള പോരാട്ടത്തിന്റെ കഥ പറഞ്ഞ അവതാർ 2009-ലാണ് ആദ്യമായി കാമറൂൺ വെള്ളിത്തിരയിലെത്തിച്ചത്. 2,789 ദശലക്ഷം ഡോളാണ് ചിത്രം തിയേറ്ററിൽനിന്ന് വാരിയത്. നാലര വർഷം കൊണ്ടാണ് ചിത്രം യാഥാർഥ്യമായത്.
Content Highlights: Kate Winslet broke Tom Cruise's underwater filming record on Avatar 2
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..