ചിത്രത്തിൽ ഹരീഷ് ഉത്തമൻ
ശ്യാമ പ്രസാദ് സംവിധാനം ചെയ്ത പുതിയ ചിത്രമായ "കാസിമിൻറെ കടൽ" ജർമ്മനിയിലെ വിഖ്യാതമായ സ്റ്റുഡ്ഗാർട്ട് ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കുന്നു. ജർമ്മൻ മലയാളിയായ പ്രശസ്ത ഇന്ത്യൻ - ഇംഗ്ലീഷ് എഴുത്തുകാരൻ അനീസ് സലീം രചിച്ച ദ സ്മോൾ ടൗൺ സീ എന്ന നോവലിനെ ആധാരമാക്കി ജെ കെ പ്രൊഡക്ഷൻസ് നിർമ്മിച്ച കാസിമിന്റെ കടൽ ശ്യാമപ്രസാദിന്റെ ഏറ്റവും പുതിയ ചിത്രമാണിത്
ഹരീഷ് ഉത്തമൻ, ആര്യാ സലീം, താഷി ഷംദത്ത്, ബാലതാരം നിരഞ്ജൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്ന ചിത്രം നിർമ്മിച്ചത് ജയകുമാർ ടി എസ്,ഗിരീഷ് ഉത്തമൻ എന്നിവർ ചേർന്നാണ്. മനോജ് നാരായണൻ ഛായാഗ്രഹണം നിർവ്വഹിച്ച കാസിമിന്റെ കടലിന്റെ തിരക്കഥയും പശ്ചാത്തല സംഗീതവും ശ്യാമപ്രസാദിന്റേതാണ്.കടലോര പ്രദേശമായ വർക്കലയുടെ പശ്ചാത്തലത്തിൽ കാസിം എന്ന ബാലൻ ജീവിതം അനുഭവിച്ചറിയുന്നതും ചുറ്റുമുള്ള ലോകത്തെ മനസിലാക്കുന്നതുമാണ് പ്രമേയം.
കാസിമും പിതാവും കൊച്ചിയിൽനിന്നു വർക്കലയിലേക്ക് എത്തുന്നതിൽ നിന്നാണ് കഥയാരംഭിക്കുന്നത്. എന്നാൽ ഇത് കുട്ടികളുടെ സിനിമയല്ല. കുട്ടികളിലൂടെ വലിയ ലോകത്തിൻറെ അനുഭവങ്ങളുടെ ചുരുളഴിക്കുകയാണ്. നോവൽ വായിച്ചപ്പോൾ എനിക്കു വളരെ ഇഷ്ടമായി. അതിൽ സിനിമാ ഭാഷ്യമുണ്ടെന്നു മനസിലായി.അന്തർദേശീയവും കാലാതീതവുമായ കഥയാണെങ്കിലും സമകാലിക വർക്കലയിലുള്ളവരുടെ ജീവിതത്തെ ദൃശ്യവൽക്കരിക്കാനാണ് ശ്രമിച്ചിട്ടുള്ളത് -ശ്യാമപ്രസാദ് പറഞ്ഞു.
വർക്കലയുടെ പശ്ചാത്തലത്തിലാണ് മുഴുവൻ സിനിമയും ചിത്രീകരിച്ചിട്ടുള്ളത്. ഒന്നു രണ്ടു കഥാപാത്രങ്ങളൊഴികെ ബാക്കിയുള്ളവർ വർക്കലക്കാരാ അഭിനയിച്ചിരിക്കുന്നത്. അവിടത്തെ പ്രാദേശികമായ ജീവിത സാഹചര്യവും ഭാഷയും സിനിമയിൽ ആവശ്യമായിയനാൽ അവരുടെ ഭാഷയിൽ തന്നെ കഥാപാത്രങ്ങൾ വേണ്ടതിനാൽ വർക്കലയിൽ നിന്നും അഭിനേതാക്കളെ കണ്ടെത്തുകയാണുണ്ടായത്. പല തരം ഭാഷകൾ സംസാരിക്കുന്നവർ അവിടെയുണ്ടെന്നതും മറ്റൊരു പ്രത്യേകതയാണ്.
ഈ ചിത്രത്തിൽ രണ്ട് കുട്ടികളാണ് കേന്ദ്രകഥാപാത്രങ്ങളാകുന്നത്. കാസിം കൊച്ചിയിൽ നിന്നെത്തുന്ന കഥാപാത്രമായതിനാൽ കൊച്ചിയിൽ നിന്നാണ് അഭിനേതാവിനെ കണ്ടെത്തിയത്. കാസിമിൻറെ കൂട്ടുകാരൻ ബിലാൽ എന്ന കഥാപാത്രമായി വർക്കലയിൽ നിന്നു ബാലതാരത്തെ കണ്ടെത്തി. വർക്കലയുടെ കാലാവസ്ഥ, ഭൂമിശാസ്ത്രപരമായ മാറ്റം എന്നിവയെല്ലാം വരുന്നതിനാൽ ഒരു വർഷത്തോളം ചിത്രീകരണത്തിനും സമയമെടുത്തു.
കാസിമിൻറെ അച്ഛനും കാൻസർ രോഗിയുമായ വ്യത്യസ്ത കഥാപാത്രത്തെയാണ് ഹരീഷ് അവതരിപ്പിക്കുന്നത്. അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധം ചിത്രത്തിൽ ശക്തമാണ്. ഹരീഷിന് കഥ വളരെ ഇഷ്ടപ്പെട്ടതോടെ ഈ ചിത്രത്തിൻറെ കോ പ്രൊഡ്യൂസറുമായി.കാസിമിൻറെ കടലിൻറെ പശ്ചാത്തല സംഗീതവും നിർവ്വഹിച്ചിരിക്കുന്നത് ശ്യാമപ്രസാദ് തന്നെയാണ്.മുമ്പ് 'ഒരു ഞായറാഴ്ച' എന്ന സിനിമയുടെ പശ്ചാത്തല സംഗീതവും ശ്യാമപ്രസാദ് നിർവ്വഹിച്ചിരുന്നു. എഡിറ്റർ-അരവിന്ദ് മന്മഥൻ, പ്രൊഡക്ഷൻ കൺട്രോളർ-രാജീവ് കുടപ്പനക്കുന്ന്, കലാസംവിധാനം-രാജു ചെമ്മണ്ണിൽ, വസ്ത്രാലങ്കാരം-അമൃത ശിവദാസ്, മേക്കപ്പ്-മിട്ട ജോസഫ്, ലൊക്കേഷൻ സൗണ്ട്- സന്ദീപ് കുറിശ്ശേരി,ഫസ്റ്റ് എഡിറ്റർ-റിത്വിക് ബൈജു ചന്ദ്രൻ,കാസ്റ്റിംഗ്-സജി തുളസീദാസ്,സ്റ്റിൽസ്-ഷാലു പേയാട്,സാബു കോട്ടപ്പുറം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..