വിവേക് അഗ്നിഹോത്രി, ഒഡിഷ ട്രെയിനപകടം | ഫോട്ടോ: പി.ടി.ഐ
ഒഡിഷയിലെ ബാലസോർ ജില്ലയിലുണ്ടായ ട്രെയിനപകടം രാജ്യത്തെ ഒന്നാകെ കണ്ണരിലാഴ്ത്തിയിരിക്കുകയാണ്. അപകടത്തിൽ 261 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. 900-ലേറെ പേർക്ക് പരിക്കേറ്റതായും ഇവരിൽ പലരുടെയും നില ഗുരുതരമാണെന്നും വ്യക്തമാക്കിയിരിക്കുകയാണ് ചീഫ് സെക്രട്ടറി. സംഭവത്തിൽ പ്രതികരണവുമായെത്തിയിരിക്കുകയാണ് ബോളിവുഡ് സംവിധായകൻ വിവേക് അഗ്നിഹോത്രി.
ദാരുണവും ലജ്ജാകരവുമായ സംഭവമാണിതെന്ന് വിവേക് അഗ്നിഹോത്രി ട്വീറ്റ്ചെയ്തു. ഇക്കാലത്ത് മൂന്ന് ട്രെയിനുകൾ എങ്ങനെ കൂട്ടിയിടിക്കുമെന്നും ആരാണ് ഉത്തരം പറയേണ്ടതെന്നും അദ്ദേഹം ചോദിച്ചു. എല്ലാ കുടുംബങ്ങൾക്കും വേണ്ടി പ്രാർഥിക്കുന്നുവെന്നും കശ്മീർ ഫയൽസ് സംവിധായകൻ ട്വിറ്ററിൽ കുറിച്ചു.
വെള്ളിയാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. യശ്വന്ത്പുരിൽ നിന്നും ഹൗറയിലേക്ക് പോവുകയായിരുന്ന സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസ്(12864), ഷാലിമാർ-ചെന്നൈ കോറമണ്ഡൽ എക്‌സ്പ്രസ്(12841), ചരക്കുതീവണ്ടി എന്നിവയാണ് അപകടത്തിൽപ്പെട്ടത്. യശ്വന്ത്പുരിൽനിന്ന് ഹൗറയിലേക്ക് പോവുകയായിരുന്ന തീവണ്ടിയാണ് ആദ്യം പാളംതെറ്റി മറിഞ്ഞത്. ഇത് നിർത്തിയിട്ടിരുന്ന ചരക്ക് തീവണ്ടിയിൽ ഇടിച്ചു. തൊട്ടടുത്ത ട്രാക്കിലൂടെ വന്ന കോറമണ്ഡൽ എക്സ്പ്രസ് ഈ കോച്ചുകളിലേക്ക് വന്നിടിച്ചതോടെയാണ് അപകടം ഗുരുതരമായത്.
കോറമണ്ഡൽ എക്സ്പ്രസിന്റെ 12 കോച്ചും യശ്വന്ത്പുർ-ഹൗറ തീവണ്ടിയുടെ നാലുകോച്ചും പാളം തെറ്റിയതായി റെയിൽവേ വക്താവ് അമിതാഭ് ശർമ അറിയിച്ചു. ഒഡിഷ ദുരന്തനിവാരണസേനയുടെയും ദേശീയ ദുരന്തനിവാരണസേനയുടെയും നേതൃത്വത്തിലാണ് സ്ഥലത്ത് രക്ഷാപ്രവർത്തനം നടന്നത്. ഇരു യാത്രാ ട്രെയിനുകളിലുമായി 35,00 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
Content Highlights: odisha train accident, director vivek ranjan agnihotri about odisha train accident
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..