മ്മുട്ടിയുടെ പുതിയ ചിത്രം കസബ തീയേറ്ററുകളില്‍ ആദ്യദിനം പിന്നിട്ടപ്പോള്‍ ബോക്‌സ് ഓഫീസില്‍ നേടിയത് രണ്ടര കോടി. സമീപകാലത്ത് ഒരു ദിവസം കൊണ്ട് ഒരു മലയാള ചിത്രം നേടുന്ന ഏറ്റവും മികച്ച ഗ്രോസ് കളക്ഷനാണ് ഇത്. 

നിഥിന്‍ രണ്‍ജി പണിക്കര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ഈ സിനിമ മലയാളത്തിലെ ഏറ്റവും പുതിയ പോലീസ് ചിത്രമാണ്. കടുത്ത ആരാധകര്‍ക്കായി ഒരുക്കിയ സിനിമയില്‍ തുടക്കം മുതല്‍ ഒടുക്കം വരെ നിറഞ്ഞുനില്‍ക്കുന്നത് മമ്മൂട്ടിയാണ്. 

അപഥ സഞ്ചാരിയെങ്കിലും ഉള്ളിലെവിടെയോ നന്മ സൂക്ഷിക്കുന്ന ഒരു പോലീസ് കഥാപാത്രത്തെയാണ് മമ്മുട്ടി അവതരിപ്പിക്കുന്നത്. മമ്മുട്ടിയെ നായക  വില്ലന്‍ അതിര്‍വരമ്പില്‍ നിര്‍ത്തിയും ലൈംഗികത്തൊഴിലാളികളുടെ പ്രണയവും നായികാ പരിവേഷവും മറ്റും ധീരമായി അവതരിപ്പിച്ചും അധികമാരും സഞ്ചരിക്കാത്ത വഴിയിലാണ് സംവിധായകന്റെ സഞ്ചാരം. തീപ്പൊരി രംഗങ്ങളും സംഭാഷണങ്ങളുമായി മമ്മൂട്ടിയുടെ രാജന്‍ സക്കറിയ കളം നിറയുന്നു. 

ആദ്യദിവസത്തെ കളക്ഷന്‍, ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്നിട്ടുണ്ട്. റെക്കോഡ് കളക്ഷനിലേക്കാണ് കസബ നീങ്ങുന്നതെന്ന് വിതരണം ഏറ്റെടുത്ത ആന്റോ ജോസഫ് ഫിലിം കമ്പനി ഉടമ ആന്റോ ജോസഫ് അവകാശപ്പെട്ടു.