കോവിഡ് മഹാമാരി നല്‍കിയ പ്രതിസന്ധിയിലൂടെയാണ് എല്ലാവരുമിപ്പോള്‍ കടന്നു പോകുന്നത്. ആള്‍ക്കൂട്ടത്തിലൂടെ രോഗം പകരുന്നത് ഒഴിവാക്കാന്‍ തിയേറ്ററുകള്‍ അടച്ചു. ഒടിടി പ്ലാറ്റ്‌ഫോമുകളാണ് സിനിമകള്‍ കാണാനുള്ള ഏക ആശ്രയം. നിങ്ങള്‍ ഒരു ചലച്ചിത്ര പ്രേമിയാണെങ്കില്‍ ചില സിനിമകള്‍ മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ സഹായിച്ചേക്കും. അത്തരത്തിലുള്ള രണ്ട് ഫീല്‍ ഗുഡ് സിനിമകളാണ് ഇവിടെ നിര്‍ദ്ദേശിക്കുന്നത്. നെറ്റ്ഫ്‌ലിക്‌സില്‍ ഈ രണ്ട് ചിത്രങ്ങളും ലഭ്യമാണ്. 

കെ.ഡി 

മധുമിത സംവിധാനം ചെയ്ത് 2019 ല്‍ റിലീസ് ചെയ്ത കെ.ഡി അഥവാ കറുപ്പു ദൂരൈ എന്ന ചിത്രം ഏറെ നിരൂപക പ്രശംസ നേടിയ  ചിത്രമാണ്. തമിഴ്‌നാട്ടിലെ ചില ഗ്രാമങ്ങളില്‍ രഹസ്യമായി നിലനില്‍ക്കുന്ന തലൈക്കൂത്തല്‍ (വാര്‍ധക്യത്തിലെത്തിയ  മാതാപിതാക്കളെ കൊന്നുകളയുന്ന ആചാരം) എന്ന ആചാരത്തില്‍ നിന്ന് രക്ഷപ്പെട്ട്  ഒളിച്ചോടുന്ന കറുപ്പു ദുരൈ എന്ന വയോധികനാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. കുട്ടിയെന്ന് പേരുള്ള ഒരു ആണ്‍കുട്ടിയെ അയാള്‍ യാത്രക്കിടയില്‍ കണ്ടുമുട്ടുന്നു. ഇവര്‍ തമ്മിലുള്ള സൗഹൃദവും സ്‌നേഹവുമാണ് ചിത്രത്തിന്റെ പ്രമേയം. ബക്കറ്റ് ലിസ്റ്റിലെ മോഹങ്ങള്‍ നടപ്പാക്കാന്‍ കറുപ്പു ദുരൈയും കുട്ടിയും നടത്തുന്ന സാഹസിക യാത്രയും നര്‍മമുഹൂര്‍ത്തങ്ങളും ചിത്രത്തെ ആസ്വാദ്യകകരമമാക്കുന്നു. 

സാര്‍

രോഹെന ഗെര സംവിധാനം ചെയ്ത് 2018 ല്‍ പുറത്തിറങ്ങിയ  ചിത്രമാണ് സാര്‍. ഇതൊരു റൊമാന്റിക് ഡ്രാമ ചിത്രമാണ്. മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. വിധവയും ശുഭാപ്തി വിശ്വാസിയുമായ രത്‌ന എന്ന വീട്ടുജോലിക്കാരിയും വിദ്യാസമ്പന്നനും ആര്‍ക്കിടെക്ടുമായ അശ്വിന്‍ എന്ന യുവാവുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍. അന്ധവിശ്വാസങ്ങളില്‍ ജീവിക്കുന്ന ഒരു ഗ്രാമത്തില്‍ നിന്നാണ് രത്‌ന വരുന്നത്. വൈധവ്യം അടിച്ചേല്‍പ്പിക്കുന്ന നിയന്ത്രണങ്ങളെ കൂസാതെ ഒരുപാട് സ്വപ്‌നങ്ങളുമായാണ് രത്‌ന അശ്വിന്റെ ഫ്‌ലാറ്റില്‍ ജോലിയ്ക്ക് വരുന്നത്. പറഞ്ഞുറപ്പിച്ച വിവാഹം മുടങ്ങിയതിന്റെ മാനസിക സംഘര്‍ഷത്തിലാണ് അശ്വിന്‍. ഇവര്‍ തമ്മിലുണ്ടാകുന്ന ആത്മബന്ധമാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

Content Highlights: Karuppudurai, Sir Movie, Netflix, Mu Ramaswamy, Tillotama Shome, Vivek Gomber