കൊച്ചി: കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച കരുണ സംഗീതനിശയില്‍ സാമ്പത്തിക ക്രമേക്കട് നടന്നതായി തെളിവൊന്നും ലഭിച്ചില്ല. മ്യൂസിക് ഫൗണ്ടേഷന്റെയും ഭാരവാഹികളുടെയും മറ്റ് സംഘാടകരുടെയും ബാങ്ക് അക്കൗണ്ടുകള്‍ ക്രൈംബ്രാഞ്ച് പരിശോധിച്ചെങ്കിലും സംശയകരമായ ഇടപാടുകളൊന്നും കണ്ടെത്തിയിട്ടില്ല. എന്നാല്‍ അന്വേഷണം അവസാനിച്ചിട്ടില്ലെന്ന് അന്വേഷണ സംഘാംഗം പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കുമെന്നു പറഞ്ഞ് സംഘടിപ്പിച്ച പരിപാടിയില്‍ സാമ്പത്തിക ക്രമക്കേട് നടന്നുവെന്ന് ആരോപിച്ച് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാരിയര്‍ പരാതി നല്‍കിയിരുന്നു.

തുടര്‍ന്നാണ് ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്. സംഘാടകരുടെയും പരിപാടി നടത്തിപ്പ് ഏറ്റെടുത്ത ഏജന്‍സികളുടെ ജീവനക്കാരുടെയും മൊഴികളില്‍ പൊരുത്തക്കേടുകളില്ല. ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ ഇംപ്രസാരിയോ 19 ലക്ഷത്തോളം രൂപയുടെ ബില്ലാണ് സംഘാടകര്‍ക്ക് നല്‍കിയത്.

ടിക്കറ്റ് ഇനത്തില്‍ ലഭിച്ച 6.22 ലക്ഷം രൂപ ഇവര്‍ ഇതില്‍നിന്ന് കുറച്ചു.

ബാക്കി 13 ലക്ഷത്തോളം രൂപയില്‍ 9.70 ലക്ഷം രൂപ സംഘാടകര്‍ പല തവണയായി സ്വന്തം കൈയില്‍നിന്ന് ഇംപ്രസാരിയോയ്ക്കു നല്‍കി.

ഇനിയും മൂന്നു ലക്ഷത്തോളം നല്‍കാനുണ്ട്. വീഡിയോ റെക്കോഡിങ്, ലൈറ്റ് ആന്‍ഡ് സൗണ്ട്, ഗായകരുടെ ഭക്ഷണം, യാത്ര എന്നിവയ്ക്കുള്ള ചെലവുകള്‍ ഇതിനു പുറമെയാണ്. ഗായകര്‍ പ്രതിഫലം വാങ്ങിയിരുന്നില്ല.

ആരോപണം വന്നപ്പോള്‍ സംഘാടകര്‍ ടിക്കറ്റിനത്തില്‍ കിട്ടിയ 6.22 ലക്ഷം രൂപ സ്വന്തം നിലയില്‍ ശേഖരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിേലക്കു നല്‍കുകയായിരുന്നു. ഇക്കാര്യങ്ങള്‍ ശരിവെക്കുന്ന കണക്കുകള്‍ ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു പണം നല്‍കുന്നതിന്റെ നിയമ വശങ്ങളും ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇതുകൂടി ലഭിച്ചാല്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കും.

Content Highlights : karuna musical programme allegations, Ashique Abu, Rima Kallingal, Sayanora, Bijipal