-
കൊച്ചി: കരുണ സംഗീതനിശ നടത്തിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരണവുമായി കരുണ മ്യൂസിക് ഫൗണ്ടേഷന് ഭാരവാഹികള്‍ രംഗത്ത്. ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ച ഒരു വീഡിയോയില്‍ കെ എം എഫ് പ്രസിഡന്റ് ബിജിബാലും ഷഹബാസ് അമനും ആഷിക് അബുവും സിത്താര കൃഷ്ണകുമാറും സംസാരിച്ചു. 2019 നവംബര്‍ ഒന്നിന് കൊച്ചിയില്‍ വച്ചു നടത്തിയ പരിപാടിയുടെ ടിക്കറ്റ് വരവും മറ്റ് കണക്കുകളും ബോധിപ്പിച്ചുകൊണ്ട് തങ്ങള്‍ക്കെതിരെ വരുന്ന വിവാദങ്ങള്‍ക്കു വിശദീകരണവുമായാണ് ഭാരവാഹികള്‍ വീഡിയോയുമായി രംഗത്തെത്തിയത്.
ബിജിബാലിനൊപ്പം സെക്രട്ടറി ഷഹബാസ് അമനും ജോയിന്റ് സെക്രട്ടറിമാരായ ആഷിക് അബുവും സിത്താര കൃഷ്ണകുമാറും ട്രഷറര്‍ മധു സി നാരായണനും മറ്റ് അംഗങ്ങളായ ശ്യാം പുഷ്കരന്, കമല്‍ കെ എന്‍ എന്നിവരും ലൈവില്‍ പങ്കെടുത്തു. കൊച്ചി ആസ്ഥാനമാക്കി ഒരു അന്താരാഷ്ട്ര സംഗീത മേള വര്‍ഷം തോറും നടത്തുക എന്ന ഉദ്ദേശത്തോടെയാണ് കെ എം എഫ് രൂപപ്പെട്ടതെന്ന് ബിജിബാല്‍ പറഞ്ഞു. അതിന്റെ ഭാഗമായാണ് ഒരു തുക പോലും പ്രതിഫലമായി ചോദിക്കാതെ കുറെയധികം സംഗീതജ്ഞര്‍ എത്തിച്ചേര്‍ന്നത്. ഫണ്ട് റൈസിങ് പരിപാടിയായിരുന്നു എന്നു തന്നെ ആ സംഗീത നിശയെ വിശഷേിപ്പിക്കാമെന്നും ബിജിബാല്‍ പറഞ്ഞു. http://karunakochi.in... എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി സംഗീത നിശയുടെ കണക്കുകളും മറ്റ് വിവരങ്ങളും പുറത്തുവിട്ടിട്ടുമുണ്ട്.
നവംബര്‍ ഒന്നിന് പരിപാടി അരങ്ങേറിയ ശേഷം ഇത്രകാലമായിട്ടും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം കൈമാറാതെ, വിവാദം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ പെട്ടെന്ന് തന്നെ തുക നല്‍കിയതിനു പിന്നിലും ഒരുപാടു കാരണങ്ങളുണ്ടെന്നും ബിജിബാല്‍ പറഞ്ഞു. കലാപരമായി വന്‍ വിജയമായിരുന്ന പരിപാടി പക്ഷേ സാമ്പത്തികമായി പരാജയപ്പെട്ടിരുന്നുവെന്നും ബിജിബാല്‍ വെളിപ്പെടുത്തി. 23 ലക്ഷം രൂപയാണ് ആകെ ചിലവായത്. കൊച്ചിയിലെ രാജീവ്ഗാന്ധി ഇന്റര്‍നാഷ്ണല്‍ സ്റ്റേഡിയം സൗജന്യമായി ലഭിച്ചു. മീഡിയ പബ്ലിസിറ്റിയും നല്ലരീതിയില്‍ ലഭിച്ചു. അതെല്ലാം സൗജന്യമായി തന്നെയാണ് ലഭിച്ചത്. എന്നിരുന്നാലും പരിപാടി അവതരിപ്പിച്ചവരില്‍ പ്രമുഖ കലാകാരന്മാരല്ലാത്ത മറ്റ് സാധാരണ ഗിറ്റാറിസ്റ്റുകള്‍ പോലുള്ള വാദ്യകലാകാരന്മാര്ക്കും എല്ലാം പ്രതിഫലം നല്കേണ്ടതുണ്ടായിരുന്നു. താമസം, ഭക്ഷണം, യാത്രാച്ചിലവ്, സെറ്റ് പ്രൊപ്പര്‍ട്ടികള്‍ക്കുള്ള ചിലവ്, അവതാരകര്‍ക്ക്, നല്ല രീതിയില്‍ പരിപാടി കവര്‍ ചെയ്ത ക്യാമറ ടീമിന് എല്ലാം പ്രതിഫലം നല്‍കണമായിരുന്നു. 23 ലക്ഷം രൂപയില്‍ ഇനിയും രണ്ടു ലക്ഷം രൂപ കൊടുത്തു തീര്‍ക്കാനുണ്ടെന്നും ബിജിബാല്‍ പറഞ്ഞു.
കെഎംഎഫിന്റെ അംഗങ്ങള്‍ തന്നെ ആ പണം ഫണ്ട് സ്വരൂപിച്ച് കൊടുത്തു തീര്‍ക്കേണ്ടതുണ്ട്. ഒരുപാടു പേര്‍ക്കുള്ള കടങ്ങള്‍ തീര്‍ത്തതിനു ശേഷം മാര്‍ച്ച് 31നു മുമ്പ് സിഎംഡിആര് എഫിലേക്ക് നിശ്ചിത തുക കൈമാറാമെന്നായിരുന്നു നിശ്ചയിച്ചിരുന്നത്. അതിനിടയിലാണ് ആരോപണമുന്നയിക്കുന്നവര്‍ ആര്ടിഐയുമായി ബന്ധപ്പെട്ട് ഇതുവരെ പണം കൈമാറിയിട്ടില്ലെന്നും തട്ടിപ്പു കാണിക്കുകയാണെന്നും പറഞ്ഞ് രംഗത്തു വരുന്നതെന്നും ബിജിബാല്‍ പറയുന്നു.
കെഎംഎഫ് ഫെയ്സ്ബുക്ക് പേജിലെ ഒരു വിശദീകരണ പോസ്റ്റില്‍ രക്ഷാധികാരിയായി കളക്ടറുടെ പേര് പരാമര്‍ശിച്ചത് തങ്ങളുടെ അറിവില്ലായ്മയും പക്വതക്കുറവുംകൊണ്ടു സംഭവിച്ചതാണെന്നും അതില്‍ കളക്ടറോടു നേരിട്ട് ക്ഷമ ചോദിച്ചിട്ടുണ്ടെന്നും ബിജിബാല്‍ പറഞ്ഞു.
ടിക്കറ്റുകള്‍ ടിക്കറ്റ് കളക്ടര്‍, ബുക്ക് മൈഷോ എന്നീ ആപ്പുകള്‍ വഴി ഓണ്‍ലൈനാണ് വിറ്റത്. കൃത്യമായ വിവരം വെബ്സറ്റിലുണ്ട്. 500, 1500, 2500, 5000 രൂപയുടെയും ടിക്കറ്റുകളാണ് ഉണ്ടായിരുന്നത്. 908 ടിക്കറ്റുകള്‍ വിറ്റ് പോയി. അതില്‍ നിന്നുള്ള വരുമാനം 7,35500 രൂപയാണ്. കൗണ്ടറില്‍ വച്ച വിറ്റുപോയ ടിക്കറ്റ് തുക 39000 രൂപ. ആകെ 7,74,500 രൂപയാണ് വരവ്. 18 % ജി എസ് ടി, 1 % കേരള ഫ്ലഡ് സെസും ബാങ്ക് ചാര്‍ജസ് 2 % എന്നിവ കുറച്ചാല്‍ ആകെ തുക 6,21,936 രൂപയാണ്. റൗണ്ട് ചെയ്ത് 6, 22,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയിരുന്നു.
4000 പേര് പരിപാടിയില്‍ പങ്കെടുത്തു. 3000 പേരും സൗജന്യ പാസിലാണ് പരിപാടിയ്ക്കു കയറിയത്. ഇവന്റ് മാനേജ്മെന്റ് ഒന്നുമില്ലായിരുന്നു കെഎംഎഫ് നേരിട്ടാണ് പരിപാടി നടത്തിയത്. ടിക്കറ്റ് വരുമാനത്തില്‍ ഈ തുക ഞങ്ങളുടെ കൈയില്‍ നേരിട്ടല്ല എത്തുക. ഇംപ്രസാരിയോ എന്ന കമ്പനിയാണ് ഹോസ്പിറ്റാലിറ്റി ഉള്‍പെടെയുള്ള കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നത്. അവര്‍ 19 ലക്ഷം രൂപ ബില്ലായി തന്നു. ടിക്കറ്റ് ഇനത്തില്‍ ലഭിച്ച ആറര ലക്ഷം ഒഴിവാക്കിയ ബില്ലായിരുന്നു ഇത്. ബിജിബാല്‍ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..