കാർത്തിക മുരളീധരൻ| Photo: https:||www.instagram.com|p|Bunl7G4B6Ip|
ആദ്യ ചിത്രമായ സി.ഐ.എ.യില്‍ ദുല്‍ഖര്‍ സല്‍മാന്റെ നായിക, അടുത്ത ചിത്രമായ അങ്കിളില്‍ മമ്മൂട്ടിക്കൊപ്പം. പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് കാര്‍ത്തിക മുരളീധരന്‍. ഈയിടെ കാര്‍ത്തിക തന്റെ മേക്കോവര്‍ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വിട്ടിരുന്നു. ഇപ്പോള്‍ തന്റെ വെയിറ്റ് ലോസ് ജേണി പങ്കുവച്ചിരിക്കുകയാണ് താരം. അനാരോഗ്യകരമായ സൗന്ദര്യസങ്കല്‍പ്പങ്ങള്‍ക്ക് പേര് കേട്ട സിനിമയില്‍ എത്തിയപ്പോള്‍ താന്‍ കടുത്ത ബോഡി ഷെയിമിങ്ങിന് ഇരയായെന്ന് കാര്‍ത്തിക പറയുന്നു. സ്വന്തം ശരീരത്തെ താന്‍ വെറുത്തുവെന്നും കാര്‍ത്തിക കൂട്ടിച്ചേര്‍ത്തു. ശരീരവും മനസ്സും തമ്മിലുള്ള സംഘര്‍ഷത്തിനൊടുവില്‍ സ്വന്തം ശരീരത്തെ മനസ്സിലാക്കിയതാണ് വഴിത്തിരിവായി മാറിയതെന്ന് കാര്‍ത്തിക കൂട്ടിച്ചേര്‍ത്തു.
കുട്ടിക്കാലം മുതല്‍ ഞാന്‍ തടിച്ച ശരീരപ്രകൃതമുള്ള വ്യക്തിയായിരുന്നു. അത് ഞാന്‍ ശ്രദ്ധിക്കുന്നത് രണ്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ്. ശരീരഭാരത്തെക്കുറിച്ചുള്ള പരിഹാസം അന്ന് മുതല്‍ വലുതാകുന്നത് വരെ ഞാന്‍ അനുഭവിച്ചതാണ്. കുട്ടിക്കാലത്ത് അതിനെ പ്രതിരോധിക്കാന്‍ ഞാന്‍ വളറെ വിചിത്രമായ പ്രതിരോധമാണ് ശീലിച്ചു പോന്നത്. ഞാന്‍ എന്നെ തന്നെ പരിഹസിച്ചും വെറുത്തുമാണ് അതിനെ ചെറുത്ത് നിന്നത്. അതിലൂടെ കൂടുതല്‍ ഭാരം വയ്ക്കുകയാണ് ചെയ്തത്.
വളരെ അനാരോഗ്യകരമായ സൗന്ദര്യ സങ്കല്‍പ്പങ്ങളുള്ള ഇൻഡസ്ട്രിയിൽ എത്തിയപ്പോള്‍ ഈ പരിഹാസം എനിക്ക് കൈകാര്യം ചെയ്യാന്‍ സാധിക്കുന്നതിനും അപ്പുറമായിരുന്നു. ഞാനും എന്റെ ശരീരവും നിരന്തരം സംഘര്‍ഷത്തിലായി. ഞാന്‍ യുദ്ധത്തില്‍ തളരാന്‍ തുടങ്ങി. ഞാന്‍ എങ്ങനെയാണോ അങ്ങനെ എന്നെ സ്വീകരിക്കാന്‍ ലോകത്തെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ എനിക്ക് കഴിഞ്ഞില്ല. എന്തിന് എനിക്ക് പോലും എന്നെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല. ലോ കാബ് ഡയറ്റ്, കീറ്റോസ തുടങ്ങിയ പല ഡയറ്റുകളും ഞാന്‍ കുറച്ച് കാലത്തേക്ക് പരീക്ഷിച്ചു. എന്നാല്‍ ഒന്നും ശരിയായില്ല. കാരണം എന്താണെന്ന് വച്ചാല്‍ ഞാന്‍ ഇതെല്ലാം ചെയ്യുന്നത് എന്റെ ശരീരത്തോടുള്ള വിരോധം കൊണ്ടായിരുന്നു. എന്താണ് പ്രശ്‌നമെന്നും എന്റെ ശരീരം എന്താണെന്നും ഞാന്‍ മനസ്സിലാക്കാനും തുടങ്ങിയപ്പോഴാണ് മാറ്റങ്ങള്‍ സംഭവിക്കുന്നത്. എന്റെ ഭക്ഷണശീലവും ധാരണകളും ശരീരത്തോടുള്ള സമീപനവും ചിന്താഗതിയും മാറ്റേണ്ടിവന്നു. ഭാരം കുറക്കണമെന്ന ഉദ്ദേശത്തോടെ മാത്രമാണ് യോഗ ചെയ്യാന്‍ ആരംഭിച്ചത്. എന്നാല്‍ എന്റെ മനസ്സിനും ശരീരത്തിനും ചിന്തകള്‍ക്കും യോഗ നല്‍കിയ കരുത്ത് എന്നെ ആകെ മാറ്റി മറച്ചു- കാര്‍ത്തിക കുറിക്കുന്നു.
Content Highlights: Karthika Muralidharan on her weight loss journey, body shaming, how yoga changed her life
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..