കോവിഡ് 19 വ്യാപനത്തെ തുടർന്ന് രാജ്യത്ത് ലോക്കഡൗൺ പ്രഖ്യാപിച്ചതോടെ പ്രതിസന്ധിയിലായിപ്പോയ വിഭാ​ഗങ്ങളിൽ ഒന്നാണ് സിനിമാ വ്യവസായം. വമ്പൻ റിലീസുകൾ ഉൾപ്പടെ പല ചിത്രങ്ങളുടെയും ചിത്രീകരണവും മാറ്റിവയ്ക്കേണ്ടി വന്നു. അത്തരത്തിലൊരു ചിത്രമാണ് കാർത്തിക് സുബ്ബരാജ് ഒരുക്കുന്ന ​ജ​​ഗമേ തന്തിരം. ധനുഷ് നായകനാവുന്ന ചിത്രം മെയ് ഒന്നിന് തീയേറ്ററുകളിൽ എത്തേണ്ടതായിരുന്നു. 

ചിത്രത്തിന്‍റെ പോസ്റ്ററിനൊപ്പം കാര്‍ത്തിക് സോഷ്യല്‍ മീഡിയയില്‍ ഇങ്ങനെ കുറിച്ചു, "നശിച്ച ഈ വൈറസ് ഇല്ലായിരുന്നുവെങ്കില്‍ ഇന്നായേനെ നമ്മുടെ ജഗമേ തന്തിരം ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ. എന്തായാലും നല്ലതിനുവേണ്ടി പ്രതീക്ഷിക്കാം". നമ്മുടെ ജഗം (ലോകം) രോഗമുക്തി നേടിയതിന് ശേഷം​ ജഗമേ തന്തിരം....

ഗ്യാങ്സ്റ്റര്‍ ചിത്രമായി ഒരുക്കുന്ന ​ജ​ഗമേ തന്തിരം ധനുഷിന്റെ നാല്പതാമത്തെ ചിത്രമാണ്. ചിത്രത്തില്‍ മലയാളി താരങ്ങളായ ജോജു ജോര്‍ജും ഐശ്വര്യ ലക്ഷ്മിയും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. 

രജനീകാന്ത് നായകനായ പേട്ടയ്ക്കു ശേഷം കാര്‍ത്തിക് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വൈനോട്ട് സ്റ്റുഡിയോസും റിലയന്‍സ് എന്റര്‍ടെയിന്‍മെന്റും ചേര്‍ന്നാണ് ചിത്രം റിലീസ് ചെയ്യുന്നത്. എസ് ശശികാന്ത് ആണ് നിര്‍മ്മാണം. 

ഹോളിവുഡ് നടന്‍ ജെയിംസ് കോസ്‌മോ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഹൈലാന്റര്‍, ബ്രേവ് ഹാര്‍ട്ട്, ക്രോണിക്കിള്‍സ് ഓഫ് നര്‍നിയ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജെയിംസ് കോസ്‌മോ ഗെയിം ഓഫ് ത്രോണ്‍സ് എന്ന പ്രസിദ്ധ വെബ് സീരീസില്‍ ജിയോര്‍ മോര്‍മോണ്ട് എന്ന കഥാപാത്രമായെത്തിയിരുന്നു.

സംഗീതം സന്തോഷ് നാരായണന്‍. ഛായാഗ്രഹണം ശ്രേയസ് കൃഷ്ണ.

Content Highlights : Karthik Subbbaraj Jagame Thandhiram Dhanush Joju Aiswarya Lekshmi