തമിഴിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ ജിഗര്‍ദണ്ഡയ്ക്ക് ശേഷം മറ്റൊരു സിനിമയുമായി കാര്‍ത്തിക് സുബ്ബരാജ്. ഇരൈവി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ എസ്.ജെ. സൂര്യ, വിജയ് സേതുപതി, ബോബി സിംഹ എന്നിവരാണ് അഭിനയിക്കുന്നത്. ഇവര്‍ക്കൊപ്പം അഞ്ജലി, കമാലിനി മുഖര്‍ജി, പൂജ ദേവരീയ എന്നിവരും അഭിനയിക്കുന്നുണ്ട്. മുന്‍ സിനിമകളില്‍നിന്ന് വ്യത്യസ്തമായി ഒന്നില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ നിരവധി രൂപങ്ങള്‍ (Genre) കൂട്ടിയിണക്കിയാണ് സിനിമ ചെയ്തിരിക്കുന്നതെന്ന് സംവിധായകനായ കാര്‍ത്തിക് സുബ്ബരാജ് പറഞ്ഞു. 

'ഈ ചിത്രത്തിന് വേണ്ടി അഭിനേതാക്കളെ തെരഞ്ഞെടുത്തപ്പോള്‍ ഏറെ ശ്രദ്ധിച്ചിരുന്നു. ഓരോ കഥാപാത്രങ്ങളെയും എഴുതി ഉണ്ടാക്കുമ്പോള്‍ ഒരു അഭിനേതാവിന്റെ മുഖം മനസ്സിലുണ്ടായിരുന്നു, പ്രത്യേകിച്ച് നായകന്മാരുടെ കാര്യം. അവരെ തന്നെയാണ് ഇപ്പോള്‍ ചിത്രത്തിനായി കാസ്റ്റ് ചെയ്തിരിക്കുന്നത്. ജീവിതത്തില്‍ കണ്ടിട്ടുള്ളതും പരിചയപ്പെട്ടിട്ടുള്ളതുമായ മുഴുവന്‍ സ്ത്രീകളെയും സ്വാംശീകരിച്ചാണ് ഇരൈവിയിലെ മൂന്ന് കേന്ദ്ര സ്ത്രീകഥാപാത്രങ്ങളെ സൃഷ്ടിച്ചിട്ടുള്ളത്' - കാര്‍ത്തിക് സുബ്ബരാജ് പറഞ്ഞു. 

ചെന്നൈ, നാഗര്‍കോവില്‍ എന്നിവിടങ്ങളിലായിട്ടാണ് ഇരൈവിയുടെ കഥ നടക്കുന്നത്. ഈ ചിത്രത്തിന്റെ ഏതാനും ഭാഗങ്ങള്‍ കേരളത്തിലും ചിത്രീകരിച്ചിട്ടുണ്ട്.

സമൂഹത്തിന്റെ ഒരു പ്രതിബിംബനമായിരിക്കുമ്പോള്‍ തന്നെ ഈ സിനിമ സംസാരിക്കുന്നത് സ്ത്രീ-പുരുഷ ബന്ധത്തെ കുറിച്ചാണ്. സമൂഹത്തില്‍ കാണുന്നത് അതേപടി പകര്‍ത്തിവെയ്ക്കലല്ല താന്‍ ചെയ്തിരിക്കുന്നതെന്നും കാര്‍ത്തിക് പറഞ്ഞു. കാര്‍ത്തിക് സുബ്ബരാജുമായി ഐഫ്‌ളിക്‌സ്‌ നടത്തിയ അഭിമുഖം.