രകാസുരന്‍ സിനിമയുമായി ബന്ധപ്പെട്ട് ഗൗതം മേനോനുമായുള്ള പ്രശ്‌നത്തെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തുകളുമായി സംവിധായകന്‍ കാര്‍ത്തിക് നരേന്‍. സിനിമയുടെ ട്രെയിലര്‍ റിലീസ് ചടങ്ങിലാണ് കാര്‍ത്തികിന്റെ പ്രതികരണം.

'ധ്രുവങ്ങള്‍ പതിനാറ് എന്ന സിനിമയ്ക്ക് ശേഷമാണ് ഞാന്‍ ഗൗതം മേനോനെ കാണുന്നത്. നരകാസുരന്‍ നിര്‍മിക്കാമെന്നേറ്റ് അദ്ദേഹം രംഗത്ത് വന്നു. എന്നാല്‍ സാമ്പത്തികമായ ചില പ്രശ്‌നങ്ങളെ തുടര്‍ന്ന് അദ്ദേഹം പ്രൊജക്ടില്‍ നിന്ന് ഇറങ്ങിപ്പോയി. നിലവില്‍ പ്രശ്‌നങ്ങളൊന്നുമില്ല. എന്നാല്‍ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലിന്റെ പരിഗണനയിലാണ് ആ വിഷയം'- കാര്‍ത്തിക് പറഞ്ഞു.

കാര്‍ത്തിക് നരേന്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്തിറക്കിയ പോസ്റ്ററില്‍ നിര്‍മാതാവിന്റെ സ്ഥാനത്തു നിന്നും ഗൗതം മേനോന്റെ പേര് ഒഴിവാക്കിയിരുന്നു. ഗൗതം മേനോന്റെ നിര്‍മാണ് കമ്പനിയായ ഒന്‍ട്രാഡ എന്റര്‍ടൈന്‍മെന്റ്‌സാണ് നരകാസുരന്റെ നിര്‍മാണം ഏറ്റെടുത്തിരുന്നത്. എന്നാല്‍ ഗൗതം മേനോന്‍ പണം തരാതെ തന്നെ വഞ്ചിച്ചെന്ന ആരോപണവുമായി കാര്‍ത്തിക് രംഗത്ത് വന്നു. ഇതെ തുടര്‍ന്ന് കാര്‍ത്തികും ഗൗതം മേനോനും തമ്മില്‍ വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ഗൗതം മേനോന്‍ അദ്ദേഹം സംവിധാനം ചെയ്യുന്ന എന്നൈ നോക്കി പായും തോട്ടെ, ധ്രുവനച്ചത്തിരം എന്നീ സിനിമകള്‍ക്ക് വേണ്ടി മാത്രമാണ് പണം ചെലവാക്കുന്നതെന്നും അരവിന്ദ് സ്വാമിക്ക് പ്രതിഫലം നല്‍കിയില്ലെന്നും കാര്‍ത്തിക് ആരോപിച്ചു.

കാര്‍ത്തിക് തന്നെ തെറ്റിദ്ധരിച്ച് ആവശ്യമില്ലാതെ വിവാദങ്ങള്‍ ഉണ്ടാക്കിയെന്നും താന്‍ സിനിമയില്‍ നിന്ന് പുറത്ത് പോകാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ അതിന് തയ്യാറാണെന്നും ഗൗതം മേനോന്‍ മറുപടി നല്‍കി. 

നരകാസുരന്റെ ട്രെയിലറിന് വന്‍ സ്വീകരണമാണ് ലഭിക്കുന്നത്. പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ യുട്യൂബില്‍ തരംഗമായി മാറിയിരിക്കുകയാണ്. അരവിന്ദ് സ്വാമി, ഇന്ദ്രജിത്ത് സുകുമാരന്‍, ശ്രീയ ശരണ്‍, സുദീപ് കിഷന്‍, ആത്മിക എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.