കാര്‍ത്തിക് നരേന്‍ ഒരുക്കിയ നരകാസുരന്‍ ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ദ്രജിത്ത്, അരവിന്ദ് സ്വാമി, സുദീപ് കിഷന്‍, ശ്രിയ ശരണ്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ലക്ഷ്മണ്‍ എന്ന പോലീസ് ഉദ്യോഗസ്ഥനായാണ് ഇന്ദ്രജിത്ത് ചിത്രത്തിലെത്തുന്നത്. ആക്ഷന് പ്രാധാന്യമുള്ള ഒരു സസ്പെന്‍സ് ത്രില്ലറാണ് നരകാസുരന്‍. 

ധ്രുവങ്ങള്‍ പതിനാറ് എന്ന ചിത്രത്തിന് ശേഷം കാര്‍ത്തിക് നരേന്‍ ഒരുക്കിയ ചിത്രമായിരുന്നു നരകാസുരന്‍. ചിത്രത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട ധാരാളം പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു.  സംവിധായകന്‍ ഗൗതം മേനോന്റെ ഒന്‍ട്രാഗ എന്റര്‍ടൈന്‍മെന്റ്സായിരുന്നു തുടക്കത്തില്‍ ചിത്രത്തിന്റെ നിര്‍മാണം ഏറ്റെടുത്തത്. എന്നാല്‍ ചിത്രത്തിനായി ഗൗതം മേനോന്‍ പണം മുടക്കുന്നില്ലെന്ന ആരോപണവുമായി കാര്‍ത്തിക് രംഗത്തെത്തി. സിനിമയുടെ നിര്‍മാണത്തില്‍ നിന്ന് ഗൗതം മേനോനെ കാര്‍ത്തിക് ഒഴിവാക്കുകയും ചെയ്തു.

വെങ്കട്ട് സോമസുന്ദരം, രേഷ്മ ഖട്ടാല എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. എന്നാല്‍ ട്രെയ്‌ലറും ടീസറും പുറത്തിറങ്ങി രണ്ട് വര്‍ഷം തികഞ്ഞുവെങ്കിലും ചിത്രം പുറത്തിറങ്ങിയില്ല. ഇപ്പോള്‍ ഒടിടിയില്‍ റിലീസ് ചെയ്യുമെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നുവെങ്കിലും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 

Content Highlights: karthick naren naragasooran Movie aravind swamy indrajith sreya sudeep OTT release