അക്ഷയ്കുമാർ ചിത്രം 'പൃഥ്വിരാജി'നെതിരേ പ്രതിഷേധവുമായി കർണിസേന. പൃഥ്വിരാജ് ചൗഹാൻ എന്ന രാജാവിന്റെ ജീവിത കഥയാണ് ചിത്രം പറയുന്നത്. എന്നാൽ ചിത്രത്തിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായാണ് സംഘടന രം​ഗത്ത് വന്നിരിക്കുന്നത്.

സിനിമയുടെ പേര് 'പൃഥ്വിരാജ്' എന്ന് മാത്രം ഇട്ടതാണ് കർണിസേനയെ ചൊടിപ്പിച്ചത്. ഇത് രാജാവിനെ അപമാനിക്കുന്നതിന് തുല്യമാമെന്നും അതുകൊണ്ട് അദ്ദേഹത്തിന്റെ പേര് പൂർണമായി തന്നെ സിനിമയ്ക്ക് ഇടണമെന്നും മഹാരാജാവിന് അർഹിക്കുന്ന ബഹുമാനം നൽകണം എന്നുമാണ് സംഘടനയുടെ ആവശ്യം.

ഇതിനൊപ്പം സിനിമ റിലീസ് ചെയ്യുന്നതിന് മുൻപ് കർണിസേനയെ കാണിക്കണമെന്നും അതിന് തയാറായില്ലെങ്കിൽ വലിയ പ്രതിഷേധം നേരിടേണ്ടി വരുമെന്നും കർണിസേന നേതാക്കൾ വ്യക്തമാക്കി. പത്മാവതിന്റെ റിലീസ് സമയത്ത് സഞ്ജയ് ലീല ബൻസാലിക്ക് സംഭവിച്ചത് ചൂണ്ടിക്കാണിച്ചാണ് ഇവർ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.

2019 ലാണ് അക്ഷയ് ഈ ചിത്രം പ്രഖ്യാപിക്കുന്നത്. താരത്തിന്റെ ആദ്യചരിത്ര സിനിമയാണിത്. ഡോ. ചന്ദ്ര പ്രകാശ് ത്രിവേദിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. യഷ് രാജ് ഫിലിംസാണ് നിർമാണം. മുൻ മിസ് വേൾഡ് മാനുഷി ചില്ലറാണ് നായിക.

Content Highlights :Karni Sena demands change in title of Akshay Kumar's 'Prithviraj'