സൂര്യ, എച്ച്.ഡി.കുമാരസ്വാമി, പൃഥ്വിരാജ് | ഫോട്ടോ: പി.ടി.ഐ, www.facebook.com/ActorSuriya/photos, www.facebook.com/PrithvirajSukumaran
സമീപകാലത്ത് കോടതിമുറി പശ്ചാത്തലമായി വന്ന രണ്ട് ചിത്രങ്ങളാണ് ജയ് ഭീമും ജന ഗണ മനയും. യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട ഈ രണ്ട് ചിത്രങ്ങളേയും അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് കർണാടക മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. കോവിഡ് ബാധിതനായി വീട്ടിൽ കഴിയവേ കണ്ടതിൽ ഏറ്റവും മികച്ച രണ്ട് ചിത്രങ്ങളെന്നാണ് ഇവയേക്കുറിച്ച് അദ്ദേഹം പറഞ്ഞത്.
ട്വിറ്ററിലൂടെയാണ് കുമാരസ്വാമി ജയ് ഭീമിനേയും ജനഗണമനയേയും പുകഴ്ത്തിയത്. കോവിഡ് ബാധിച്ച് കഴിഞ്ഞ ഒരാഴ്ചയായി വീട്ടിൽ നിരീക്ഷണത്തിൽ കഴിയവേ വായിച്ചും സിനിമ കണ്ടുമാണ് സമയം നീക്കിയത്. അങ്ങനെ കണ്ടതാണ് ജയ് ഭീമും ജന ഗണ മനയും. രണ്ട് ചിത്രങ്ങളും ഹൃദയത്തിൽ തൊട്ടു എന്നും കുമാരസ്വാമി ട്വീറ്റ് ചെയ്തു.
വിചാരണത്തടവുകാരെ കുറിച്ച് ബഹുമാനപ്പെട്ട സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രമണ പറഞ്ഞ കയ്പേറിയ സത്യത്തെക്കുറിച്ച് ഇന്ത്യ ചിന്തിക്കണം. ജയ് ഭീം എന്ന ചിത്രത്തിൽ വിചാരണത്തടവുകാർ നേരിടുന്ന പരുഷമായ യാഥാർത്ഥ്യങ്ങൾ കാണിക്കുന്നു. ഏറ്റവും മികച്ച നീതിന്യായവ്യവസ്ഥയാണ് ഭരണഘടന നമുക്ക് നൽകിയിരിക്കുന്നത്. ശതകോടീശ്വരൻ മുതൽ പണമില്ലാത്തവൻ വരെ കഷ്ടപ്പെടുമ്പോൾ കോടതിയെയാണ് നോക്കുന്നത്. അതെ, അത് നമ്മുടെ അവകാശമാണ്. തമിഴ്നാട്ടിലെ കടലൂരിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ള ജയ് ഭീം മനുഷ്യരാശിയോട് നിരവധി ചോദ്യങ്ങൾ ഉയർത്തുന്നു.
ജനഗണമന ഇന്നത്തെ രാഷ്ട്രീയ കാപട്യവും ധൂർത്തും മനോഹരമായി പകർത്തുന്നു. രാഷ്ട്രീയ ചുഴലിക്കാറ്റിൻ്റെ കൈകളിൽ അകപ്പെട്ട വ്യവസ്ഥിതി എങ്ങനെ നിസ്സഹായമാകുന്നു എന്ന് കാണിക്കുന്നു. നമ്മുടെ സാമൂഹ്യവ്യവസ്ഥിതിക്ക് നേരെ കണ്ണാടി പിടിക്കുന്ന സിനിമകൾ ഒരാളെ ദേഷ്യം പിടിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു. രണ്ട് സിനിമകളുടെയും സംവിധായകർ പ്രശംസ അർഹിക്കുന്നുവെന്നും എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു.
തമിഴ്നാട്ടിൽ നടന്ന യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ടി.ജെ. ജ്ഞാനവേൽ സംവിധാനം ചെയ്ത ജയ് ഭീമിൽ സൂര്യ, ലിജോ മോൾ, മണികണ്ഠൻ, രജിഷ വിജയൻ, തമിഴ്, പ്രകാശ് രാജ് എന്നിവരാണ് മുഖ്യവേഷത്തിലെത്തിയത്. ഓ.ടി.ടി റിലീസായെത്തിയ ചിത്രത്തിന് വൻവരവേല്പാണ് ലഭിച്ചത്. പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരെ നായകന്മാരാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രമാണ് ജന ഗണ മന. മികച്ച വിജയം നേടിയ ചിത്രം 2022-ലെ വലിയ വിജയങ്ങളിലൊന്നുകൂടിയായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..