ദിലീപ് നായകനായ രാമലീല എന്ന ചിത്രത്തിന് ലഭിച്ച ജനപ്രീതി ജനകീയ കോടതി ദിലീപ് നേടിയ വിജയമാണെന്ന രീതിയിലുള്ള സംവിധായകന്‍ ലാല്‍ജോസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പ്രതിഷേധവുമായി കവിയും നാടകകൃത്തുമായ കരിവള്ളൂര്‍ മുരളി. "ലാല്‍ജോസ് താങ്കളെ എന്നെന്നേക്കുമായി മനസില്‍ നിന്നും പറിച്ചെറിയുന്നു" എന്ന തലക്കെട്ടില്‍ എഴുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് കരിവള്ളൂര്‍ മുരളി ലാല്‍ജോസിനെ നിശിതമായി വിമര്‍ശിക്കുന്നത്.

അച്ഛനുറങ്ങാത്ത വീട് എന്ന സ്ത്രീപക്ഷ സിനിമ സംവിധാനം ചെയ്ത സംവിധായകന്‍ ഭീകരവും ബീഭത്സവുമായ മറ്റൊരു പെണ്‍ വേട്ടയുമായി ബന്ധപ്പെട്ട് പ്രഥമദൃഷ്ട്യാ തെളിവുകള്‍ നിലനില്‍ക്കുന്നുവെന്ന് കോടതി നാല് തവണ പറയുകയും ജാമ്യം നിഷേധിക്കപ്പെട്ട പ്രതിക്കുവേണ്ടി അവനൊപ്പം എന്ന മുദ്രാവാക്യം മുഴക്കുന്നത് കാണേണ്ടി വന്നതില്‍ കഷ്ടമുണ്ടെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.  

"പ്രിയ ലാല്‍ജോസ്, മലയാള സിനിമയെ അടക്കി വാഴുന്ന മാഫിയകളുടെ മാനസപുത്രന്മാരായിത്തീരാന്‍ മത്സരിക്കുന്ന നിങ്ങള്‍ക്ക് ഞങ്ങളെ പ്പോലുള്ള സാധാരണ മനുഷ്യരുടെ വിമര്‍ശനങ്ങള്‍ പുല്ലു വിലയായിരിക്കാം. പക്ഷേ,അന്നും ഇന്നും ഞങ്ങള്‍ 'അവള്‍ക്കൊപ്പം' തന്നെ. നിര്‍ഭാഗ്യവശാല്‍ നിങ്ങള്‍ ഇപ്പോള്‍ 'അവനൊപ്പം'എന്ന് ആര്‍ത്തു വിളിക്കുന്നു. "

പ്രതികള്‍ രക്ഷപ്പെട്ടേക്കാം.പലര്‍ക്കും കാലം മാപ്പ് കൊടുത്തേക്കാം. പക്ഷെ കലയോടും കാലത്തോടുമുള്ള ഈ നിര്‍ലജ്ജമായ ഒറ്റു കൊടുക്കലിനു താങ്കള്‍ക്ക് ഒരിക്കലും കേരളം മാപ്പ് തരില്ലെന്നും. അത് കൊണ്ട് ലാല്‍ ജോസ് മറ്റൊന്നും ചിന്തിക്കാതെ താങ്കളെ എന്നെന്നേക്കുമായി ഞങ്ങള്‍ മനസ്സില്‍ നിന്നും പറിച്ചെറിയുന്നുവെന്നും മുരളി കരിവള്ളൂര്‍ ഫെയ്‌സബുക്ക് പോസ്റ്റില്‍ പറയുന്നു. 

മുരളി കരിവള്ളൂരിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം.