ച്ഛനമ്മമാരുടെ പാതയില്‍ അഭിനയരംഗത്തേയ്ക്കു വരാത്തവര്‍ മാത്രമാണ് ബോളിവുഡില്‍ വാര്‍ത്തയാകുന്നത്. താരസന്തതികളില്‍ ഭൂരിഭാഗം പേരും പില്‍ക്കാലത്ത് താരങ്ങളായി മാറിയതാണ് ബോളിവുഡിന്റെ ചരിത്രം.

കരീനയുടെയും സെയ്ഫ് അലി ഖാന്റെയും മകന്‍ തൈമുറും ഒരുകാലത്ത് അഭിഷേക് ബച്ചനെയും സഞ്ജയ് ദത്തിനെയും സണ്ണി ഡിയോളിനെയുമെല്ലാം പോലെ താരമാകുമെന്ന കാര്യത്തില്‍ രണ്ടഭിപ്രായമില്ല. അഭിഷേകും സണ്ണിയുമെല്ലാം വലുതായശേഷമാണ് താരങ്ങളായി മാറിയതെങ്കില്‍ അങ്ങിനെ കാത്തുനില്‍ക്കാനൊന്നും തൈമുറിന് ക്ഷമയില്ല. ഏഴാം  മാസത്തില്‍ തന്നെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് തൈമുര്‍.

പ്രസവശേഷമുള്ള അമ്മ കരീനയുടെ തിരിച്ചുവരവ് ചിത്രമായ വീരെ ദി വെഡ്ഡിങ്ങിലാണ് കുഞ്ഞു തൈമുറും തല കാണിക്കുന്നത്. ഒരു സീനില്‍ പേരിനൊന്ന് വന്നു പോവുന്നേയുള്ളൂ തൈമുര്‍ എന്നാണ് പുറത്തുവരുന്ന വിവരം.

കരീന ഗര്‍ഭിണിയായതിനെ തുടര്‍ന്ന് ചിത്രത്തിന്റെ തിരക്കഥയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഗര്‍ഭിണിയായ കരീനയുടെ ദൃശ്യങ്ങളും ഇതിനുവേണ്ടി പകര്‍ത്തിയിരുന്നു. അതുകൊണ്ടാണ് ഇപ്പോള്‍ കുഞ്ഞിനെയും ചിത്രത്തില്‍ ഉള്‍പ്പെടുത്തേണ്ടിവന്നത്.

ഇതോടെ കരീനയ്ക്ക് പുറമെ സോനം കപൂറും സ്വര ഭാസ്‌ക്കറും ശിഖ തല്‍സാനിയയും അണിനിരക്കുന്ന ചിത്രത്തിലെ പ്രധാന ആകര്‍ഷണം തൈമുറായിരിക്കുമെന്ന് ഉറപ്പായി. അനില്‍ കപൂറിന്റെ മകളായ റിയ കപൂറാണ് ചിത്രം നിര്‍മിക്കുന്നത്. ശശാങ്ക് ഘോഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ഇരുപതിന് ജനിച്ചത് മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ് തൈമുര്‍. ആദ്യം പേരിനെ ചൊല്ലിയുള്ള തര്‍ക്കമായിരുന്നു. പിന്നീട് സെലിബ്രിറ്റികളായ അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള ഓരോ യാത്രയും അതിന്റെ ഓരോ ചിത്രവും വലിയ വാര്‍ത്തകളായി മാധ്യമങ്ങള്‍ ആഘോഷിച്ചു.