ബോളിവുഡ് നടി കരീന കപൂര്‍ ഇപ്പോള്‍ സിനിമകളില്‍ അത്ര സജീവമല്ല. മിനിസ്‌ക്രീനിലേക്ക് ചേക്കേറിയ നടി ഇപ്പോള്‍ ടി വി റിയാലിറ്റി ഷോ ആയ ഡാന്‍സ് ഇന്ത്യ ഡാന്‍സില്‍ ജഡ്ജാണ്. ഷോയുടെ ഓരോ എപ്പിസോഡിനും താരം വാങ്ങുന്ന പ്രതിഫലം മൂന്നു കോടി രൂപയാണെന്നതാണ് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്ത.

ടൈംസ് ഓഫ് ഇന്ത്യയുടെ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ടിവി പരിപാടികള്‍ക്കായി ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സെലിബ്രിറ്റി കരീനയാണെന്നാണ് പറയുന്നത്. അതേ സമയം കഠിനമായ അധ്വാനമാണ് ടിവിയില്‍ ജോലി ചെയ്യുമ്പോഴെന്നും ഒരു ആണ്‍ജഡ്ജിന് അത്ര പ്രതിഫലം വാങ്ങാമെങ്കില്‍ സ്ത്രീകള്‍ക്കുമാവാമെന്നും കരീന ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. 'സിനിമയില്‍ മുഖ്യധാരയിലുണ്ടായിരുന്ന എന്നെപ്പോലൊരു നടി കരിയറില്‍ ഇപ്പോള്‍ എത്തിനില്‍ക്കുന്നത് മിനിസ്‌ക്രീനിലാണ്. തീര്‍ച്ചയായും ഞാനര്‍ഹിക്കുന്ന തുക തന്നെയാണ് എനിക്ക് ലഭിക്കുന്നത്.' കരീന പറഞ്ഞു.

ഡാന്‍സ് ഇന്ത്യ ഡാന്‍സിനു മുമ്പും കരീനയ്ക്ക് ടിവി പരിപാടികളിലേക്ക് ക്ഷണം ലഭിച്ചിരുന്നു. '12 മുതല്‍ 14 മണിക്കൂര്‍ വരെ ജോലി ചെയ്യണം. തൈമൂര്‍ ജനിച്ചതിനു ശേഷം ഞാന്‍ എട്ടു മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്തിട്ടില്ല. ഉദ്യോഗസ്ഥ എന്നതിലുപരി ഒരു അമ്മയുമായതിനാല്‍ എനിക്ക് അവനോടൊപ്പം വീട്ടില്‍ സമയം ചെലവഴിക്കേണ്ടതായിട്ടുണ്ട്. തൈമുര്‍ അത്താഴം കഴിക്കും മുമ്പ് എനിക്ക് വീടെത്തണം. ആ സമയം എനിക്കും അവനും മാത്രമുള്ളതാണ്. അതു മാത്രമായിരുന്നു ഈ ഷോയുടെ ഷൂട്ടിനു പോകുമ്പോള്‍ ബുദ്ധിമുട്ടുണ്ടാക്കിയ കാര്യം. എന്നാലും പരമാവധി സമയം കണ്ടെത്താറുണ്ട്.'-കരീന പറയുന്നു.

ഒരുപിടി ചിത്രങ്ങളിലും കരീനയുടേതായി പുറത്തിറങ്ങാനുണ്ട്. അക്ഷയ് കുമാറിനൊപ്പം അഭിനയിക്കുന്ന ഗുഡ് ന്യൂസ്, ഇര്‍ഫാന്‍ ഖാന്റെ അംഗ്രേസി മീഡിയം, കരണ്‍ ജോഹറിന്റെ തക്ത് എന്നിവയിലാണ് കരീന എത്തുക.

Content Highlights: kareena kapoor takes home three crore for one episode of dance india dance