വാലന്റൈന്‍സ് ഡേ ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ബോളിവുഡ് ദമ്പതികളായ സെയ്ഫ് അലി ഖാനും കരീന കപൂറും. വിവാഹത്തിന് മുന്‍പ് പ്രണയ ദിനം ആഘോഷിക്കുന്ന ഒരുപാട് പേരുണ്ടെങ്കിലും വിവാഹത്തിനുശേഷം പലരും അതൊന്നും ഓര്‍ത്തുവയ്ക്കില്ല. എന്നാൽ, അതില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തരാണ് സെയ്ഫും കരീനയും.

2018 ഫെബ്രുവരി 14 ാം തിയ്യതിക്ക് വേണ്ടി കാത്തിരിക്കുന്ന ഈ അവസരത്തില്‍ സെയ്ഫുമായി പ്രണയത്തിലായതിനെക്കുറിച്ച് തുറന്ന് പറയുകയാണ് കരീന. 

ഒരു സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി ഞങ്ങള്‍ പാരീസിലെ ഒരു ഹോട്ടലില്‍ താമസിക്കുകയായിരുന്നു. ഒരിക്കല്‍ നോത്തർദാം പള്ളി സന്ദര്‍ശിക്കാന്‍ ഞങ്ങള്‍ ഒരുമിച്ച് പോയി. പാരീസിലെ ഒരു സായാഹ്നത്തില്‍ സെയ്ഫ് എന്നോട് ഇഷ്ടമാണെന്നും വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്നും പറഞ്ഞു. തമാശ എന്താണെന്നു വച്ചാല്‍ സെയ്ഫിന്റെ അമ്മയും അച്ഛനും (ഷര്‍മിള ടാഗോര്‍, മൻസൂർ അലിഖാന്‍ പട്ടൗഡി) അനുരാഗം തുറന്ന് പറയുന്നത് പാരീസില്‍ വച്ചാണ്. ഞാനും സെയ്ഫുമായി മനസികമായി അടുത്തു കഴിഞ്ഞിരുന്നു.

നടിയും നിര്‍മാതാവുമായ അമൃത സിങ് ആയിരുന്നു സെയ്ഫിന്റെ ആദ്യഭാര്യ. സെയ്ഫിനേക്കാള്‍ പന്ത്രണ്ട് വയസ്സ് കൂടുതലായിരുന്നു അമൃതയ്ക്ക്. ഈ ബന്ധത്തിലുണ്ടായ കുട്ടികളാണ് സാറ അലിഖാനും ഇബ്രാഹിം അലിഖാനും. 

സെയഫും അമൃതയും വിവാഹം കഴിക്കുമ്പോള്‍ എനിക്ക് വെറും പത്തുവയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് ഞാന്‍ വിവാഹത്തില്‍ പങ്കെടുത്തത്. സെയ്ഫ് എന്റെ ജീവിതപങ്കാളിയാകുമെന്ന് ഒരിക്കലും കരുതിയില്ല- കരീന കൂട്ടിച്ചേര്‍ത്തു.

കരീനയേക്കാള്‍ പത്ത് വയസ്സ് കൂടുതലാണ് സെയ്ഫിന്. 2012 ലാണ് ഇരുവരും വിവാഹിതരാകുന്നത്. 2016ല്‍ ഇരുവര്‍ക്കും ആണ്‍കുഞ്ഞ് പിറന്നു. തൈമൂര്‍ അലി ഖാന്‍ പടൗടി എന്നാണ് കുഞ്ഞിന്റെ പേര്.

Content Highlights: Saif Ali Khan Kareena love story, Kareena kapoor, Saif ali khan