രിയറിന്റെ ഏറ്റവും മോശം കാലത്താണ് സെയ്ഫ് അലി ഖാനെ പരിചയപ്പെടുന്നതെന്നും സെയ്ഫാണ് തന്നെ താങ്ങി നിര്‍ത്തിയതെന്നും നടി കരീന കപൂര്‍. ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫെയ്‌സ്ബുക്ക് പേജിലെഴുതിയ കുറിപ്പിലാണ് കരീനയുടെ തുറന്നുപറച്ചില്‍. കരിയര്‍ തകര്‍ച്ചയെക്കുറിച്ചും സെയ്ഫിനെക്കുറിച്ചും തൈമൂറിനെക്കുറിച്ചും കരീനയുടെ വാക്കുകള്‍: 

"ഞാന്‍ ബോര്‍ഡിങ് സ്‌കൂളില്‍ നിന്നും തിരിച്ചു വന്ന സമയത്താണ് ചേച്ചി കരിഷ്മ സിനിമയില്‍ അഭിനയിച്ചു തുടങ്ങുന്നത്. ദില്‍ തോ പാഗല്‍ ഹേയില്‍ ഡാന്‍സ് ചെയ്യുന്ന ചേച്ചിയെ എനിക്കിപ്പോഴും ഓര്‍മയുണ്ട്. ചേച്ചിക്ക് അഭിനയത്തോടും സിനിമയോടുമുള്ള ഇഷ്ടം കണ്ടാണ് ഞാന്‍ വളര്‍ന്നത്. ചേച്ചിയെ കണ്ടാണ് എനിക്ക് അഭിനയിക്കാനുള്ള ആഗ്രഹമുണ്ടായത്. എന്റെ സമയം വന്നപ്പോള്‍ ഒരു സ്ത്രീയെന്ന നിലയില്‍ ഇന്‍ഡസ്ട്രിയില്‍ എങ്ങനെ പ്രതിബന്ധങ്ങൾ തരണം ചെയ്ത് മുന്നോട്ട് പോകാം എന്ന് അവള്‍ പഠിപ്പിച്ചു.
 
എല്ലാം ഭംഗിയായി തുടങ്ങി. ഞാന്‍ ഒരുപാട് നല്ല ചിത്രങ്ങളില്‍ അഭിനയിച്ചു. എന്നാല്‍ ഞാനൊരു ചിത്രം പോലും ചെയ്യാത്ത വര്‍ഷവുമുണ്ടായിരുന്നു. കരിയര്‍ അവസാനിച്ചെന്ന് പോലും എനിക്ക് തോന്നി. സിനിമകളില്‍ അടിമുടി മാറ്റങ്ങള്‍ വരുത്താന്‍ പലരും പറഞ്ഞു. സൈസ് സീറോയിലേക്കെത്തി. എല്ലാവരുടെയും കരിയറില്‍ ഒരു മോശം സമയമുണ്ടാകും. പക്ഷേ, ഒരു അഭിനേതാവാകുമ്പോള്‍ അത് വളരെ മോശമാണ്. കാരണം ലക്ഷക്കണക്കിന് കണ്ണുകള്‍ നിങ്ങളുടെ മേലുണ്ടാകും.

പക്ഷേ ഭാഗ്യവശാല്‍ എന്റെ ജീവിതത്തിലും കരിയറിലും പിന്തുണയ്ക്കാനും ഒപ്പം നില്‍ക്കാനും സ്‌നേഹിക്കാനും കുറെ പേരുണ്ടായിരുന്നു. അങ്ങനെ ഞാന്‍ തകര്‍ന്നുവീഴും എന്ന് കരുതിയപ്പോഴാണ് സെയ്ഫ് എന്നെ താങ്ങി നിര്‍ത്തുന്നത്. മുന്‍പ് പലതവണ സെയ്ഫിനെ കണ്ടിട്ടുണ്ട്, സംസാരിച്ചിട്ടുണ്ട്. പക്ഷേ, തഷാന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് എന്തൊക്കെയോ മാറ്റങ്ങള്‍ സംഭവിച്ചു.എന്റെ ഹൃദയം സെയ്ഫിലേക്കടുത്തു, ഞാന്‍ മൂക്കും കുത്തി വീണു.  

ഞാനിപ്പോഴും ഓര്‍ക്കുന്നു. ലഡാക്കിലും പരിസരങ്ങളിലുമായി ഷൂട്ടിങ് നടന്ന സമയം. ഒരുമിച്ച് സമയം ചെലവഴിക്കണമെന്ന് ഞങ്ങള്‍ ഇരുവര്‍ക്കും തോന്നിത്തുടങ്ങിയിരുന്നു. അപ്പോഴൊക്കെ ഒരുമിച്ച് ഒരുപാട് ദൂരം ബൈക്ക് റൈഡിന് പോകും.  ഒരുപാട് സംസാരിക്കും. പരസ്പരം ഏറെ മനസ്സിലാക്കാന്‍ കഴിഞ്ഞു. 

എന്നെക്കാള്‍ പത്ത് വയസ്സ് പ്രായക്കൂടുതലുണ്ട് സെയ്ഫിന്. രണ്ട് കുട്ടികളുടെ അച്ഛനാണ്. പക്ഷേ എനിക്ക് അദ്ദേഹം സെയ്ഫ് മാത്രമായിരുന്നു. എനിക്കേറ്റ മുറിവുണക്കാനും എന്നെത്തന്നെ സ്‌നേഹിക്കാന്‍ പഠിപ്പിച്ചതും സെയ്ഫാണ്. ഞങ്ങള്‍ തമ്മില്‍ ഒരുപാട് വ്യത്യാസങ്ങളുണ്ട്. സ്വകാര്യതയ്ക്ക് പ്രാധാന്യം കൊടുക്കുന്നയാളാണ് സെയ്ഫ്. അതുതന്നെയാണ് എനിക്കേറ്റവും ഇഷ്ടമായതും. 

കുറച്ചുകാലം ഞങ്ങള്‍ പ്രണയിച്ചു. തനിക്ക് പ്രായം 25 അല്ലെന്നും എന്നും രാത്രി വീട്ടില്‍ കൊണ്ടുപോയി വിടാനാവില്ലെന്നും സെയ്ഫ് പറഞ്ഞു. പിന്നാലെ അദ്ദേഹം എന്റെ അമ്മയെ കണ്ട് ഇനിയുള്ള ജീവിതം ഇവളോടൊപ്പം വേണമെന്നും ഒരുമിച്ച് ജീവിക്കണമെന്നും പറഞ്ഞു. അമ്മയ്ക്കും അത് താത്പര്യമായിരുന്നു. അങ്ങനെയാണ് വിവാഹിതരാകാന്‍ തീരുമാനിക്കുന്നത്. ആ തീരുമാനം ശരിയായിരുന്നു. 

കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം എന്റെ മകന്‍ തൈമൂറിനെ എനിക്ക് ലഭിച്ചു. മാതൃത്വമാണ് എനിക്ക് സംഭവിച്ച ഏറ്റവും മഹത്തരമായ കാര്യം. എന്നിലെ ഒരുഭാഗം തന്നെയാണ് തൈമൂര്‍. ഒരു മണിക്കൂര്‍ പോലും അവനില്ലാതെ എനിക്ക് പറ്റില്ല. സെറ്റിലാണെങ്കിലും മറ്റെവിടെയാണെങ്കിലും അവനെന്റെ ഒപ്പമുണ്ട്. ഓരോ ദിവസവും കഠിനാധ്വാനം ചെയ്യാനുള്ള പ്രചോദനം അവനാണ്. കരിയറാണോ ജീവിതമാണോ എന്ന തിരഞ്ഞെടുപ്പിന്റെ പ്രശ്‌നം ഇല്ലാത്ത അവസ്ഥയിലാണ് ഇന്ന് ഞാന്‍. രണ്ടും ഒരുമിച്ച് കൊണ്ടുപോവുകയാണ് ഞാന്‍. 

ഞാനൊരു അഭിനേത്രിയാണ് എല്ലാ ഉയര്‍ച്ച താഴ്ച്ചകള്‍ക്കിടയിലും, ഞനൊരു സഹോദരിയാണ്, ഭാര്യയാണ്, ഓമ്മയാണ്. എന്നാല്‍ ഇതൊന്നും തന്നെ എന്നെ മറ്റൊന്നില്‍ നിന്നും തടയുന്നില്ല. സത്യത്തില്‍ അവയെല്ലാം എന്നെ ശരിയായ വഴിയിലൂടെ കൊണ്ടുപോവുകയാണ് ചെയ്തത്. എന്റെ സ്വപ്‌നങ്ങള്‍ ഏറെ വലുതായി ഒരുപാട് ഇനിയും നേടിയെടുക്കാനുണ്ട്. ഒരു അഭിനേതാവെന്ന നിലയിലും സ്ത്രീയെന്ന നിലയിലും... എന്റെ സ്വപ്നങ്ങള്‍ ഒരുപാട് വലുതായി-അഭിനേതാവ് എന്ന നിലയിലും സ്ത്രീ എന്ന നിലയിലും.

Kareena

Content Highlights : Kareena Kapoor On Saif Ali Khan Taimur carrier films Life Karrena Kapoor Humans Of Bombay