മുംബൈ: ലൈംഗികതയെപ്പറ്റി ജനങ്ങള്‍ക്കിടയില്‍ വികലമായ ധാരണകള്‍ നിലനില്‍ക്കുന്നെന്ന് ബോളിവുഡ് താരം കരീന കപൂര്‍. 'കരീന കപൂര്‍ ഖാന്‍സ് പ്രെഗ്‌നന്‍സി ബൈബിള്‍' എന്ന പുതിയ പുസ്തകത്തിന്റെ പശ്ചാത്തലത്തില്‍ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഗര്‍ഭിണിയായിരിക്കുന്ന സമയത്ത് ലൈംഗികബന്ധത്തോട് സ്ത്രീകള്‍ക്ക് തോന്നുന്ന വ്യത്യസ്ത വികാരങ്ങളെക്കുറിച്ച് കരീന പുസ്തകത്തില്‍ വ്യക്തമാക്കിയിരുന്നു.

ലൈംഗികതയെക്കുറിച്ച് സംസാരിക്കാന്‍ പ്രത്യേകിച്ച് ധൈര്യമൊന്നും വേണ്ട. ഇതും ഒരു ദൈനംദിന കാര്യമാണ്. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ഏറ്റവും പ്രധാന വിഷയങ്ങളിലൊന്നാണ് ലൈംഗികബന്ധം. അതിനെ ഒഴിവാക്കി സംസാരിക്കാനാവില്ല -കരീന പറഞ്ഞു.

ഗര്‍ഭിണിയായിരിക്കുന്ന വ്യക്തിക്ക് ഒരുപക്ഷേ, ലൈംഗികബന്ധം വേണമെന്നേ തോന്നില്ലായിരിക്കാം. അങ്ങനെ ഒരു താത്പര്യമില്ലായിരിക്കാം. അല്ലെങ്കില്‍ സ്വന്തം ശരീരത്തോട് പോലും ഇഷ്ടം തോന്നാത്ത സമയമായിരിക്കാം അത്. ഒരു കുഞ്ഞിനെ പ്രസവിക്കുന്നതിന് മുന്‍പ് സ്ത്രീ കടന്നുപോകുന്ന ഘട്ടങ്ങളാണിത്. മുഖ്യധാരയിലുള്ള അഭിനേതാക്കള്‍ ഇതേക്കുറിച്ച് സംസാരിക്കുന്നതൊന്നും ആളുകള്‍ക്ക് കേട്ടുപരിചയമില്ല. പിന്നെ, മുഖ്യധാരയിലെ നടിമാരെ ഗര്‍ഭിണികളായി ആളുകള്‍ മുന്‍പ് കണ്ടിട്ടില്ലല്ലോയെന്നും കരീന ചോദിച്ചു.

കരീനയുടെ ഈ പുസ്തകത്തില്‍ ഗര്‍ഭിണികളായ സ്ത്രീകള്‍ കടന്നുപോകുന്ന വിവിധ ശാരീരിക-മാനസിക പ്രശ്‌നങ്ങളെക്കുറിച്ച് വിവരിക്കുന്നുണ്ട്. ഈ പുസ്തകം ആത്മകഥയല്ലെന്നും രണ്ടുതവണ ഗര്‍ഭിണിയായപ്പോള്‍ അനുഭവിച്ച വിവിധ കാര്യങ്ങളെക്കുറിച്ചുള്ള വിശദമായ വിവരണമാണെന്നുമാണ് കരീന പറയുന്നത്.

Content Highlights: Kareena Kapoor, Pregnancy Bible launch talks about sex