സിനിമയിലെത്തി 20 വർഷം പൂർത്തിയായതിന്റെ സന്തോഷത്തിലാണ് നടി കരീന കപൂർ. കരീനയുടെ ആദ്യ ചിത്രം റെഫ്യൂജി പുറത്തിറങ്ങിയിട്ട് 20 വർഷമായി. എന്നാൽ അതോടൊപ്പം ബോളിവുഡിലെ സ്വജനപക്ഷപാത ചർച്ചകളിൽ തന്റെ പേര് ഉയർന്നു കേൾക്കുന്നതിൽ അസ്വസ്ഥയുമാണ് നടി. ഏറെ നാളായി കേൾക്കാതിരുന്ന അത്തരം ചർച്ചകൾ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണശേഷം വീണ്ടും ബോളിവുഡിൽ ചൂടുപിടിക്കുകയാണ്. സിനിമാപാരമ്പര്യത്തിന്റെ പ്രത്യേകാനുകൂല്യങ്ങൾ അനുഭവിക്കാൻ ഭാഗ്യം ലഭിച്ച നടിയെന്ന നിലയിൽ കരീന മുമ്പും വിമർശനങ്ങൾക്കും ട്രോളുകൾക്കും ഇരയായിട്ടുണ്ട്. മാധ്യമപ്രവർത്തക ബർഖാ ദത്തുമായി കഴിഞ്ഞ ദിവസം നടത്തിയ സംഭാഷണത്തിനിടയിൽ കരീന അത്തരം വിഷയങ്ങളിൽ പ്രതികരണമറിയിച്ചിരിക്കുകയാണ്.

'സ്വജനപക്ഷപാതം കൊണ്ട് മാത്രം നടക്കുന്നതല്ല, 21 വർഷത്തെ എന്റെ സിനിമാജീവിതം. ഞാൻ മാത്രമല്ല, സൂപ്പർതാരങ്ങളുടെ മക്കളായ എത്രയോ നടീനടൻമാരുടെ പേരുകൾ പറയാം. അവർക്കൊക്കെ അങ്ങനെ തന്നെ. ഇന്റസ്ട്രിയിൽ നിലനിൽക്കാൻ ഞാനും ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അതൊരുപക്ഷേ പോക്കറ്റിൽ വെറും പത്തുരൂപയുമായി തീവണ്ടിയിൽ കയറിയ ഒരാളെപ്പോലെയാകില്ല എന്നുമാത്രം. അതിൽ എനിക്കൊന്നും ചെയ്യാനില്ല.

പ്രേക്ഷകരാണ് ഞങ്ങളെ സൃഷ്ടിച്ചത്. മറ്റാരുമല്ല. ആരു വിരൽ ചൂണ്ടുന്നോ അവർ തന്നെയാണ് സ്വജനപക്ഷതാരങ്ങളെ സൃഷ്ടിച്ചത്. സിനിമ കാണാൻ പോകുന്നുണ്ടല്ലോ അവർ. പോകാതിരിക്കട്ടെ. ആരും നിങ്ങളെ നിർബന്ധിച്ച് തീയേറ്ററിലേക്ക് വിടുന്നതല്ലല്ലോ. എനിക്ക് മനസ്സിലാകുന്നില്ല. ഈ സിനിമകൾ മുഴുവൻ കണ്ടിട്ട് ഇത്തരം ആരോപണങ്ങളുമായി വരുന്നതിലെ യുക്തി എന്തെന്ന് മനസ്സിലാകുന്നില്ല.

സൂപ്പർതാരങ്ങളെന്നു വാഴ്ത്തുന്ന അക്ഷയ് കുമാറോ ഷാരൂഖ് ഖാനോ ആയുഷ്മാൻ ഖുരാനയോ രാജ്കുമാർ റാവുവോ ഏവരും പുറത്തുനിന്നു വന്നവരാണ്. കഠിനാധ്വാനം ചെയ്ത് വിജയിച്ച നടൻമാരാണ്. ആലിയ ഭട്ടോ ഞാനോ ആയിക്കൊള്ളട്ടെ, ഞങ്ങളും കഷ്ടപ്പെടുന്നുണ്ട്. പ്രേക്ഷകർ ഞങ്ങളുടെ സിനിമകൾ കാണുന്നുണ്ട്, ആസ്വദിക്കുന്നുമുണ്ട്. ഞങ്ങളെ സൃഷ്ടിച്ചതും തകർക്കുന്നതുമെല്ലാം നിങ്ങൾ തന്നെയാണ്.' കരീന പറയുന്നു.

അമീർ ഖാനൊപ്പം ലാൽ സിങ് ഛദ്ദയിലാണ് കരീന ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

Content Highlights :kareena kapoor on nepotism debates in bollywood aliya bhatt refugee movie 20 years of cinema