സിനിമയില്‍ ഒരു അഭിനേതാവിന്റെ നിറമോ വലിപ്പമോ അല്ല കാര്യമെന്നും കഠിനാധ്വാനം ചെയ്തുവെങ്കില്‍ വിജയിക്കാമെന്നും കരീന കപൂര്‍. ഒരു എഫ് എം റേഡിയോക്കു നല്‍കിയ അഭിമുഖത്തിനിടയിലാണ് കരീന ഇക്കാര്യം പറഞ്ഞത്.

സിനിമാ നടിമാര്‍ക്ക് തങ്ങളുടെ മനസ്സാക്ഷി എന്തു ചെയ്യാന്‍ പറയുന്നുവെന്നതനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടല്ലേയെന്ന ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു കരീന. തുറന്നു പറച്ചിലുകളിലൂടെ അവസരങ്ങളും നിഷേധിക്കപ്പെടുന്ന പ്രവണത ഏതൊരു മേഖലയിലും ഉള്ളതാണ്. ലോകം ഉറ്റു നോക്കുന്നത് സിനിമാമേഖലയെയാണ് എന്നതിനാല്‍ കൂടുതല്‍ വാര്‍ത്തകള്‍ അവിടെ നിന്നും വരുന്നു. എന്നാലും അവസരങ്ങള്‍ തേടിപ്പിടിച്ച് രാധികാ ആപ്‌തേ, കുബ്‌റ സെയ്ത് എന്നിവരെപ്പോലെ ചുറു ചുറുക്കുള്ള പെണ്‍കുട്ടികള്‍ മുമ്പോട്ടു വരുന്നുണ്ട്. സേക്രഡ് ഗെയിംസില്‍ ഇരുവരും ചെയ്ത ശക്തമായ കഥാപാത്രങ്ങളെ പ്രശംസിച്ചാണ് കരീന ഇതു പറഞ്ഞത്. നിറത്തിലോ ആകൃതിയിലോ ഒന്നുമല്ല കാര്യം. ജോലിയില്‍ ഒരു നടി അര്‍പ്പിക്കുന്ന കഠിനാധ്വാനത്തിലാണ്. കഴിവുള്ളവര്‍ തീര്‍ച്ചയായും വിജയിക്കുകയും ചെയ്യും.

മീ ടൂ കാമ്പയിനിൽ സ്ത്രീകള്‍ തങ്ങള്‍ നേരിട്ട ലൈംഗികാതിക്രമങ്ങള്‍ തുറന്നു പറയുന്നതിനെ താരം അങ്ങേയറ്റം പ്രശംസിച്ചു. അത്തരം തുറന്നു പറച്ചിലുകളിലൂടെ പ്രശ്‌നങ്ങളുണ്ടാകുന്ന അത്തരം സെറ്റുകളില്‍ നിന്നും പിന്മാറി സുരക്ഷ ഉറപ്പാക്കുന്നതിനും സാധിക്കുന്നുവെന്നും നടി പരാമര്‍ശിച്ചു. സൂപ്പര്‍സ്റ്റാറോ ജൂനിയര്‍ ആര്‍ട്ടിസ്‌റ്റോ ആരുമാകട്ടെ, സ്ത്രീ സുരക്ഷ എവിടെയും ഉറപ്പു വരുത്തണമെന്നും മാറ്റങ്ങള്‍ക്കായി തുറന്നു പറച്ചിലുകള്‍ തുടരുക തന്നെ വേണമെന്നും കരീന പറഞ്ഞു.

Content highlights: Kareena Kapoor on me too campaign, Kareena Kapoor interview