രു കാലത്ത് ബോളിവുഡിലെ പ്രണയജോടികളായിരുന്നു കരീന കപൂറും ഷാഹിദ് കപൂറും. 2004 ല്‍ പുറത്തിറങ്ങിയ ഫിദ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഷാഹിദും കരീനയും പ്രണയത്തിലാകുന്നത്. മൂന്ന് വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ അവര്‍ വേര്‍പിരിഞ്ഞു. ഇംത്യാസ് അലി സംവിധാനം ചെയ്ത ജബ് വി മെറ്റ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇവര്‍ പരസ്പരം അകലുന്നത്.

വര്‍ഷങ്ങള്‍ക്ക് ശേഷം ഷാഹിദുമായുണ്ടായിരുന്ന പ്രണയത്തെക്കുറിച്ച് സംസാരിക്കുകയാണ് കരീന. ഒരു അഭിമുഖത്തിനിടെയാണ് താരം മനസ്സു തുറന്നത്. 

''ജബ് വി മെറ്റിലെ ഗീത് എന്ന കഥാപാത്രത്തെ അവതരിപ്പിക്കണമെന്ന് പറഞ്ഞ് എനിക്ക് പിന്തുണ നല്‍കിയത് ഷാഹിദാണ്. ഞങ്ങള്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ വിധി മറ്റൊരു വഴിയിലൂടെ സഞ്ചരിച്ചു. ആ സിനിമയ്ക്കിടെ ഒരുപാട് കാര്യങ്ങള്‍ സംഭവിച്ചു. ജബ് വി മെറ്റില്‍ അഭിനയിക്കുന്നതിനിടെ ഞാന്‍ തഷാനിലും ജോലി ചെയ്തിരുന്നു. അതിനിടെ സെയ്ഫ് അലി ഖാനുമായി അടുത്തു. ജബ് വി മെറ്റ് എന്റെ കരിയര്‍ മാറ്റി മറിച്ചു, തഷാന്‍ എന്റെ ജീവിതവും''- കരീന പറഞ്ഞു. 

2012 ലാണ് കരീന സെയ്ഫ് അലിഖാനെ വിവാഹം ചെയ്യുന്നത്. അഞ്ച് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. മിറ രജ്പുതാണ് ഷാഹിദ് കപൂറിന്റെ ഭാര്യ. 2015 ലാണ് ഷാഹിദ് മിറയെ വിവാഹം കഴിക്കുന്നത്. 

Content Highlights: Kareena Kapoor On Break up With Shahid Kapoor